തിരുവനന്തപുരം: എഴുന്നേറ്ര് നടക്കില്ലെന്ന് മൂന്നാം വയസിൽ ഡോക്ടർമാർ വിധിയെഴുതിയതാണ്. പക്ഷേ, സുരേഷ് മാധവിനെ വിധിക്കു തോൽപ്പിക്കാനായില്ല. ഇന്ന് സുരേഷ് അശരണരായ ഒരുപാടുപേരുടെ അഭയംകൂടിയാണ്. ഭാര്യ ദീപയാണ് എല്ലാത്തിനും കൂട്ട്. അലഹബാദ് ബാങ്കിൽ കാഷ്യറായ തന്റെയും പി.ആൻഡ്. ടി ജീവനക്കാരിയായ ഭാര്യയുടെയും ശമ്പളത്തിന്റെ പകുതി ജീവകാരുണ്യത്തിനായി മാറ്റിവയ്ക്കുന്നു.
ഇന്നലെയും ഒരു പെൺകുട്ടിയുടെ വിവാഹം തീരുമാനിച്ചു. അഞ്ച് പവനും 25,000 രൂപ പോക്കറ്റ് മണിയും വിവാഹ ചെലവുമെല്ലാം സുരേഷ് വഹിക്കും. ചിങ്ങത്തിൽ വിവാഹം നടക്കും. നിർദ്ധനരായ പെൺകുട്ടികളുടെ വിവാഹം, രോഗികൾക്ക് ധനസഹായം, പാവപ്പെട്ടവർക്ക് ഓണക്കിറ്ര്, സർക്കാരാശുപത്രികളിൽ അന്നദാനം അങ്ങനെ നീളുന്നു കാരുണ്യപ്രവൃത്തികൾ.
പാച്ചല്ലൂർ കിഴക്കേ മുടുമ്പ് നളന്ദയിലാണ് സുരേഷും കുടുംബവും താമസിക്കുന്നത്. കയർത്തൊഴിലാളികളായ മാധവന്റെയും സാവിത്രിയുടെയും നാല് മക്കളിൽ ഇളയവനായ സുരേഷിനെ മൂന്നാം വയസിലാണ് വിധി പരീക്ഷിച്ചത്. പോളിയോ ആണെന്നും ചികിത്സ ഇല്ലെന്നും നടക്കാനാവില്ലെന്നും മെഡിക്കൽ കോളേജിലെ ഡോക്ടമാർ അറിയിച്ചതോടെ ഒറ്റമുറിയിൽ മൂന്നു പെൺമക്കളുടെ ഭാവി കൂടി നോക്കേണ്ട മാതാപിതാക്കൾ വിധിയെ പഴിച്ച് തിരികെ പോന്നു. പിന്നീട് അച്ഛന്റെ കൂട്ടുകാരൻ സഹായവുമായെത്തി. അദ്ദേഹം കൊടുത്ത പണം കൊണ്ട് വാസുദേവവിലാസം ആയുർവേദാശുപത്രിയിൽ ചികിത്സിച്ചു. കൊച്ചു സുരേഷ് നടന്നു. പക്ഷേ, പിന്നീട് പാദത്തിൽ വളവ് സംഭവിച്ചു. ഒരാൾ സഹായിച്ചതിനാലാണ് തനിക്ക് നടക്കാൻ കഴിഞ്ഞതെന്ന ചിന്തയിൽ നിന്നാണ് സുരേഷ് പ്രതിസന്ധിയിൽ തളരുന്നവർക്ക് കൈത്താങ്ങായത്. ആദ്യം 'വികലാംഗക്ഷേമ സഹായ സംഘം' ആരംഭിച്ചു. തുർന്ന് സ്നേഹസ്പർശം എന്ന സംഘടന രൂപീകരിച്ചു.
അവനാണ് ഞങ്ങളുടെ ഭാഗ്യം
ബാങ്കിൽ സ്വീപ്പറായിട്ടായിരുന്നു ആദ്യ ജോലി. ഒരിക്കൽ തോറ്റ പത്താം ക്ളാസ് പരീക്ഷ അതിനിടെ എഴുതി. 70 ശതമാനം മാർക്കോടെ ജയിച്ചു. ബാങ്ക് ടെസ്റ്റ് എഴുതി ക്ളാർക്കായി. ഇപ്പോൾ കാഷ്യറും. ഇതിനിടയിൽ വിവാഹം. ആദ്യപുത്രൻ ഗോപീകൃഷ്ണൻ ജന്മനാ മൂകനും ബധിരനുമാണ്. പക്ഷേ, അവനാണ് തങ്ങളുടെ ഭാഗ്യം എന്ന് സുരേഷും ദീപയും പറയും. ഗോപീകൃഷ്ണന്റെ ജനനത്തിനു ശേഷമാണ് രണ്ടുപേർക്കും ജോലി ലഭിക്കുന്നത്. ഗോപികൃഷ്ണൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ഇളയമകൻ ശരവൺ ഏഴാം ക്ലാസിലും. രണ്ടു പേരും വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ.