ആറാട്ടുപുഴ വേലായുധപ്പണിക്കർ
ശ്രീനാരായണഗുരുദേവൻ അവതരിക്കുന്നതിന് 30 വർഷം മുമ്പ്, 1825-ൽ ജനിക്കുകയും അവർണസമുദായങ്ങളുടെ ജാതിജന്യമായ വിവേചനങ്ങൾക്കെതിരെ നിരന്തരം പടപൊരുതുകയും 1874-ൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ധീരപുരുഷനായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ.
ആലപ്പുഴ ജില്ലയിൽ, കാർത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ വില്ലേജിൽ കല്ലിശേരി തറവാട്ടിലാണ് വേലായുധപ്പണിക്കർ ജനിച്ചത്. കുഞ്ഞിലെതന്നെ മാതാവ് മരണപ്പെട്ടതിനാൽ , അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലാണ് വളർന്നത്. ധാരാളം സ്വത്തുക്കളും കളരി പാരമ്പര്യവുമുണ്ടായിരുന്ന കല്ലിശേരിൽ തറവാട്ടിലെ ഏക അവകാശിയായിരുന്ന വേലായുധൻ, അപ്പൂപ്പന്റെ മരണത്തോടെ തറവാടിന്റെ ഭരണം ഏറ്റെടുത്തു. ക്ഷേത്രങ്ങളിൽ അവർണർക്ക് പ്രവേശനം നിഷേധിച്ചിരുന്ന, ക്ഷേത്ര പരിസരത്തുകൂടി വഴിനടക്കാൻ പോലും വിലക്കുണ്ടായിരുന്ന, അക്കാലത്ത് 1852 ൽ ആറാട്ടുപുഴ മംഗലത്ത് ശിവക്ഷേത്രം സ്ഥാപിച്ച്, മാവേലിക്കര മറ്റം വിശ്വനാഥ ഗുരുക്കളെക്കൊണ്ട് പ്രതിഷ്ഠ നടത്തി പൊതുജനങ്ങൾക്ക് വിട്ടുകൊടുത്തുകൊണ്ട്, തന്റെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
കായംകുളം കമ്പോളത്തിൽ മാറുമറച്ചെത്തിയ ഒരു ഇൗഴവ യുവതിക്കെതിരെ ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളി, മാറിൽക്കിടന്ന തുണി വലിച്ചുകീറി മാറിൽ വെള്ളയ്ക്കാമോട് പിടിപ്പിച്ച് അപമാനിച്ച് വിട്ടതറിഞ്ഞ ആറാട്ടുപുഴ വേലായുധപ്പണിക്കർ തന്റെ അനുയായികളുമായി പാഞ്ഞെത്തി അക്രമികളെ അടിച്ചുവീഴ്ത്തി. അന്ന് കമ്പോളത്തിലുണ്ടായിരുന്ന എല്ലാ അവർണ സ്ത്രീകൾക്കും മാറുമറയ്ക്കാനുള്ള മേൽമുണ്ടുകൾ വാങ്ങി വിതരണം ചെയ്ത് , അത് ധരിക്കാൻ അദ്ദേഹം ആജ്ഞാപിച്ചു. ഇൗ സംഭവത്തിനുശേഷം ആപ്രദേശത്ത് അവർണസ്ത്രീകൾ മാറുമറച്ചാൽ, ആക്ഷേപിക്കാൻ ആരും മുതിർന്നിട്ടില്ല.
പന്തളത്ത് മൂക്കുത്തി ധരിച്ച അവർണ സ്ത്രീയുടെ മൂക്കുത്തി സവർണർ പറിച്ചെടുത്ത് ചവിട്ടിയരച്ചതിനെതിരെ പ്രതികാരം ചെയ്യാൻ പണിക്കരും സംഘവുമെത്തിയത് ഒരു കിഴിനിറയെ മൂക്കുത്തിയുമായിട്ടാണ്. മൂക്കുത്തി വലിച്ചെടുക്കാൻ ശ്രമിച്ച കൈകളൊന്നും പിന്നീട് ചലിച്ചില്ല. അതിനുശേഷം, എല്ലാ അവർണ സ്ത്രീകൾക്കുമിടയിൽ മൂക്കുത്തി വിതരണം ചെയ്ത് ധരിക്കാൻ അദ്ദേഹം ആജ്ഞാപിച്ചു. അന്ന് മുതലാണ്, മൂക്കുത്തി ധരിക്കുന്നതിന് അവർണ സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിച്ചത്. താൻ സ്ഥാപിച്ച ക്ഷേത്രത്തിൽ വേലായുധപ്പണിക്കർ ഒരു കഥകളി യോഗം സ്ഥാപിച്ച് പ്രശസ്തരായ ആശാന്മാരെ വരുത്തി യുവാക്കളെ പരിശീലിപ്പിച്ച് കഥകളി അരങ്ങേറ്റം നടത്തി. സഞ്ചാര സ്വാതന്ത്ര്യത്തിനു തടസമായി 'ഹോയ് " വിളികൾമുഴക്കി അവർണ വിഭാഗത്തെ മുഴുവൻ നിരത്തുകളിൽനിന്നും തീണ്ടാപ്പാടകലെ നിറുത്തിയിരുന്ന കാലത്ത് പണിക്കർ ഇതിനെതിരെ ആഞ്ഞടിച്ചു. നാട്ടുവഴിയിലൂടെ 'ഹോയ്" വിളിച്ചെത്തിയ ഇടപ്പള്ളി രാജാവിന്റെ മകൻ രാമൻ മേനോനും പരിവാരങ്ങൾക്കുമെതിരെ, തിരികെ 'ഹോയ്" വിളിച്ച് എതിരിട്ടു. തുടർന്ന് നടന്ന യുദ്ധത്തിൽ മേനോനെയും സംഘത്തെയും തോൽപ്പിച്ചോടിച്ചു. പൊലീസ് കേസിൽ വേലായുധപ്പണിക്കരെ ജയിലിൽ അടച്ചു ശിക്ഷിച്ചെങ്കിലും ആ പ്രദേശത്ത് 'ഹോയ് " വിളികൾ പിന്നീട് മുഴങ്ങിയിട്ടില്ല.
മുറജപത്തിനായി തിരുവനന്തപുരത്തേക്ക് വള്ളത്തിൽ യാത്ര ചെയ്ത തന്ത്രിമുഖ്യനായിരുന്ന തരണനല്ലൂർ നമ്പൂതിരിപ്പാടിന്റെ പൂജാവിഗ്രഹമായ സാളഗ്രാമം കായംകുളം കായലിൽവച്ച് അക്രമികൾ തട്ടിയെടുത്തു. വിവരം അറിഞ്ഞ മഹാരാജാവ് സാളഗ്രാമം വീണ്ടെടുക്കാൻ ഉദ്യോഗസ്ഥർ വഴി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ മഹാരാജാവ് ആറാട്ടുപ്പുഴ വേലായുധപ്പണിക്കരെ നിയോഗിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അക്രമികളെ പിടിച്ചുകെട്ടി സാളഗ്രാമവുമായി ആറാട്ടുപ്പുഴ വേലായുധപ്പണിക്കർ മഹാരാജാവിന്റെ സന്നിധിയിലെത്തി. വലിയൊരപമാനത്തിൽനിന്നും തന്നെ രക്ഷിച്ച പണിക്കരെ മഹാരാജാവ് വീരശൃംഖല അണിയിച്ച് ബഹുമാനിച്ചു. പണിക്കരുടെ പ്രശസ്തി വർദ്ധിക്കുന്നതിനൊപ്പം എതിർപ്പും വർദ്ധിച്ചുവന്നു. ഒരു കേസിന്റെ ആവശ്യത്തിനായി തണ്ടുവച്ച ബോട്ടിൽ കൊല്ലത്തേക്ക് തിരിച്ചതായിരുന്നു വേലായുധപ്പണിക്കർ. കായംകുളം കായലിൽ എത്തിയപ്പോൾ സമയം അർദ്ധരാത്രി. എല്ലാവരും നല്ല ഉറക്കത്തിലായി. തണ്ടുവലിക്കാർ മാത്രം തണ്ടുവലിച്ചുകൊണ്ടിരുന്നു. ഒരു കേവുവള്ളത്തിലെത്തിയ ചിലർ, പണിക്കരെ കണ്ട് ഒരു അടിയന്തര കാര്യം അറിയിക്കാനുണ്ടെന്ന് പറഞ്ഞ് ബോട്ട് നിറുത്തിച്ചു. ഏതാനുംപേർ ബോട്ടിൽ കയറി. അതിലൊരാൾ ശബ്ദമുണ്ടാക്കാതെ പണിക്കർ ഉറങ്ങുന്ന സ്ഥാനത്തെത്തി. ആ തേജോരൂപം കണ്ടപ്പോൾ അല്പനേരം ശങ്കിച്ചുനിന്നെങ്കിലും അയാൾ ഒളിച്ചുവച്ചിരുന്ന കഠാരി ആ ഉറങ്ങുന്ന സിംഹത്തിന്റെ വിശാലമാറിൽ നിഷ്കരുണം കുത്തിയിറക്കി. അപ്പോഴുണ്ടായ ബഹളത്തിനിടയിൽ കൊലയാളികൾ അവർ വന്ന വള്ളത്തിൽ കയറിരക്ഷപ്പെട്ടു. അങ്ങനെ 1874 ജനുവരി മാസം 8ന് അർദ്ധരാത്രികഴിഞ്ഞ സമയത്ത്, തന്റെ 49-ാം വയസിൽ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ആ ധീരനായകൻ അന്ത്യശ്വാസം വലിച്ചു. കേരള നവോത്ഥാനത്തിന് ശിലപാകിയ ആറാട്ടുപുഴ വേലായുധപ്പണിക്കരെ ചരിത്രകാരന്മാർ അവഗണിച്ചെങ്കിലും അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ കേരള ചരിത്രത്തിലെ സുവർണ ഏടുകളായി എന്നും നിലനിൽക്കും. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമെന്റ് ആറാട്ടുപുഴ വേലായുധപ്പണിക്കരെ നവോത്ഥാന നായകനായി അംഗീകരിച്ച് 2019-2020 ബഡ്ജറ്റിൽ അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്തുന്നതിനായി ഒരുകോടി രൂപ വകയിരുത്തിയത് അഭിനന്ദനം അർഹിക്കുന്നു.
( ലേഖകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ ചെയർമാനാണ് . )
ഫോൺ: 9447094516 )