വെള്ളറട: പ്ലാസ്റ്റിക് നിയന്ത്രണ നിയമത്തിന് പിന്തുണയുമായി ആനാവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടിപൊലീസ് രംഗത്തെത്തി. പ്ലാസ്റ്റികിന് പകരം മനോഹരമായ പേപ്പർകാരിബാഗുകൾ നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്താണ് കുട്ടിപൊലീസ് നാട്ടുകാരുടെ കൈയടി നേടിയത്. കഴിഞ്ഞദിവസം കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായ മണവാരിയിൽ മാർച്ചുചെയ്‌തെത്തിയ എസ്.പി.സി കേഡറ്റുകൾ അവർ നിർമ്മിച്ച പേപ്പർ കാരിബാഗുകൾ കടകളിലും വീടുകളിലും സൗജന്യമായി വിതരണം ചെയ്തു. കടകളിലെ കാരിബാഗുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുണും വീടുകളിലേത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ബിനുകുമാറും നിർവഹിച്ചു. പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് കേഡറ്റുകൾ ബോധവത്കരണം നടത്തി. സ്‌കൂളിൽ നേരത്തെ തന്നെ സമ്പൂർണ പ്ലാസ്റ്റിക് നിരോധനവും സംസ്‌കരണവും പ്രഖ്യാപിച്ചിരുന്നു. പ്രോഗ്രാം ഓഫീസർമാരായ സൗദീഷ് തമ്പി, പി.എസ്. സുഗതകുമാരി, പി.ടി.എ പ്രസിഡന്റ് ബി. രഘു, സെക്രട്ടറി സിമിമോൾ തുടങ്ങിയവരും മാരായമുട്ടം പൊലീസ് സ്റ്റേഷനിലെ എസ്.ഐ എം.ആർ. മൃദുൽകുമാർ, എസ്.പി.സി പരിശീലകരായ എ.എസ്.ഐ സനൽ, സി.പി.ഒ ആശ തുടങ്ങിയവർ കേഡറ്റുകൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്.