തിരുവനന്തപുരം: സാക്ഷരതാമിഷനും നഗരസഭയും ചേർന്ന് നടത്തുന്ന 'അക്ഷരശ്രീ' പദ്ധതിയിൽ 113 പഠനകേന്ദ്രങ്ങളിലായി ആകെ 2,235പേർ നാലാംതരം തുല്യതാ പരീക്ഷയെഴുതി. 19 മുതൽ 90 വരെ പ്രായമുള്ളവർ പരീക്ഷയെഴുതിയവരിൽ ഉൾപ്പെടുന്നു. തൃക്കണ്ണാപുരത്ത് പരീക്ഷയെഴുതിയ സരസമ്മയാണ് (90) ഏറ്റവും പ്രായം കൂടിയ പരീക്ഷാർത്ഥി. കുന്നപ്പുഴയിലെ 'സ്വപ്നക്കൂട്' അഭയകേന്ദ്രത്തിലെ അന്തേവാസിയാണ് സരസമ്മ. പെരുന്താന്നിയിൽ പരീക്ഷയെഴുതിയ തസ്ലീമയ്ക്കാണ് (19) ഏറ്റവും പ്രായം കുറവ്. നാലാംതരം തുല്യതയ്ക്ക് മലയാളം, നമ്മളും നമുക്ക് ചുറ്റും, ഇംഗ്ലീഷ്, ഗണിതം എന്നിങ്ങനെ നാല് വിഷയങ്ങളാണുള്ളത്. ഇംഗ്ലീഷിന് 15, മറ്റ് വിഷയങ്ങളിൽ 30 എന്നിങ്ങനെയാണ് ജയിക്കാനുള്ള മിനിമം മാർക്ക്. വട്ടിയൂർക്കാവ്, കഴക്കൂട്ടം വാർഡുകളിലെ പരീക്ഷാകേന്ദ്രങ്ങൾ വി.കെ. പ്രശാന്ത് എം.എൽ.എ സന്ദർശിച്ചു. നഗരത്തിലെ 100 വാർഡുകളിലായി സാക്ഷരതമുതൽ ഹയർ സെക്കൻഡറിവരെ സൗജന്യമായി വിദ്യാഭ്യാസം നൽകുന്ന പദ്ധതിയാണ് അക്ഷരശ്രീ. ഏഴാംതരം പരീക്ഷ ഈ മാസം 18 ന് നടക്കും.
പദ്ധതിയുടെ ഭാഗമായി 2018 സെപ്റ്റംബറിൽ നടത്തിയ സർവേയിൽ നഗരത്തിലെ നൂറ് വാർഡുകളിലായി മൊത്തം 11,764 നിരക്ഷരരെ കണ്ടെത്തിയിരുന്നു. നാലാംതരം വിജയിക്കാത്തവർ- 12,979, ഏഴാം തരം വിജയിക്കാത്തവർ - 22,999, പത്താംതരം വിജയിക്കാത്തവർ- 45,208, ഹയർസെക്കൻഡറി വിജയിക്കാത്തവർ- 39,479 എന്നിങ്ങനെയാണ് കണക്ക്.