വർക്കല: ജീവിതത്തിന്റെ ദുരിതക്കയത്തിൽപ്പെട്ട് ജീവിതം തള്ളി നീക്കുന്ന യുവതിക്ക് ഇനി വേണ്ടത് സുമനസുകളുടെ കരുണയാണ്. ഇലകമൺ ഗ്രാമപഞ്ചായത്തിലെ വട്ടവിള വീട്ടിൽ സംഗീത (21) ആണ് ദുരിതക്കയത്തിൽ നിസഹായയായി കഴിയുന്നത്. മന്ത് രോഗ ബാധ്യതയായി വർഷങ്ങളായി ചികിത്സയിലാണ് സംഗീത. കൂലിപ്പണിക്കാരനായ ഭർത്താവ് സജീവും (32) ഒന്നര മാസം പ്രായമുള്ള സനന്ദനയും അടങ്ങുന്നതാണ് സംഗീതയുടെ കുടുംബം. ഹൃദ് രോഗിയായ അച്ഛൻ ധനുസും കശുവണ്ടി തൊഴിലാളിയായ മാതാവ് ബേബിയും, സഹോദരങ്ങളായ ധന്യയും ധനേഷുമാണ് സംഗീതയ്ക്ക് ബന്ധുക്കളായുള്ളത്. പത്താം വയസിൽ വീടിനു സമീപത്തെ പ്ലാവിന്റെ ഒരു ശിഖരത്തിൽ കയറവെ മരത്തിന്റെ ചില്ല് ഓടിഞ്ഞു നിലത്തേക്ക് വീണ് കാലിനും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് പാരിപ്പള്ളി ആശുപത്രിയിലെത്തിച്ച് പ്ലാസ്റ്റർ ഇട്ടു. ഇതിനിടെ സംഗീതയുടെ കാൽപ്പാദം നീരുവന്ന് അസഹ്യമായ വേദന ഉണ്ടായതിനെ തുടർന്ന് രക്ത പരിശോധന നടത്തിയപ്പോഴാണ് മന്തു രോഗം സ്ഥിതീകരിച്ചത്. 2016 മാർച്ചിൽ തന്റെ ഇടതുഭാഗത്തെ തുടയിൽ നിന്നു മാംസം വെട്ടിയെടുത്ത് വലതു ഭാഗത്തെ വ്രണം ബാധിച്ച ഭാഗത്ത് വച്ചുപിടിപ്പിച്ചെങ്കിലും രോഗമുക്തി നേടാനായില്ല. നിത്യവൃത്തിക്കുപോലും വകയില്ലാത്ത ഇവർക്ക് ഓപ്പറേഷൻ നടത്താൻ കഴിയുമായിരുന്നില്ല. ഹൃദ്‌രോഗിയായ പിതാവിന്റെ ചികിത്സയ്ക്കും മന്തുരോഗം ബാധിച്ച മാതാവിനും ഹൃദയ സംബന്ധമായ അസുഖമുള്ള ധന്യയ്ക്കും തുടർ ചികിത്സക്കായി ഒരു സാമ്പത്തിക സഹായം പോലും ആരിൽ നിന്നും ലഭിച്ചില്ല. ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാത്തതിൽ പ്രദേശവാസികൾക്ക് ശക്തമായ പ്രതിഷേധമുണ്ട്.സംഗീതയുടെ പിതാവ് ധനുസ് ലോട്ടറി കച്ചവടം നടത്തിയാണ് ഉപജീവനം നടത്തുന്നത്. മാതാവ് ബേബിയുടെ മാതാവായ തങ്കമ്മയുടെ പേരിലുളള രണ്ടര സെന്റ് വസ്തുവിലാണ് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലുള്ള രണ്ട് കുടുസുമുറികളിൽ ഇവർ അന്തിയുറങ്ങുന്നത്. തങ്ങളുടെ ദുരിതാവസ്ഥ കണ്ട് സഹായഹസ്തവുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് സംഗീതയും കുടുംബവും.

hj