photo

നെടുമങ്ങാട്: മഴക്കാലം മാറി പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും റോഡുകളുടെ അറ്റകുറ്റപ്പണി ഊർജിതമാക്കിയപ്പോൾ റോഡ് കുഴിക്കൽ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെ.എസ്.ഇ.ബി അധികൃതർ. കുണ്ടും കുഴിയുമായി കിടന്ന റോഡുകളിൽ മെറ്റൽ പാകി റബറൈസിഡ് ടാറിംഗ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇലക്ട്രിസിറ്റി ബോർഡുകാർ റോഡ് കുത്തിക്കിളയ്ക്കാൻ തുടങ്ങിയത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ മടങ്ങാൻ കാത്തിരുന്നത് പോലെയാണ് ബന്ധപ്പെട്ടവരുടെ നടപടികളെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

താലൂക്കാസ്ഥാനത്തെ എല്ലാ റോഡുകളും ഏതാനും ആഴ്ച കൊണ്ട് കുത്തിക്കിളച്ച് നശിപ്പിച്ചതിന് പിന്നാലെയാണ് കെ.എസ്.ഇ.ബി അന്തർസംസ്ഥാന റോഡുകളിൽ കൈ വച്ചത്. കുഴികളിൽ കേബിളിട്ട ശേഷം വേണ്ടവിധം മണ്ണ് നിറച്ച് ഉറപ്പിക്കാറില്ലെന്ന് പരാതിയുണ്ട്. അമിത വേഗതയിൽ എതിർ ദിശയിൽ നിന്ന് വാഹനമെത്തിയാൽ കാൽനടയാത്രക്കാരായാലും വാഹനങ്ങളായാലും ഇടതുവശത്തെ കേബിൾ കുഴികളിൽ പുതയുമെന്നതിൽ തർക്കമില്ല. മെയിന്റനൻസ് വർക്കിനായി പി.ഡബ്ലിയു.ഡി കോടിക്കണക്കിന് രൂപ ചെലവിട്ട തിരുവനന്തപുരം - ചെങ്കോട്ട ഹൈവേയും ഷോർലക്കോട് - നെടുമങ്ങാട് റോഡും ജെ.സി.ബി ഉപയോഗിച്ചാണ് വെട്ടിപ്പൊളിക്കുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കെ.എസ്.ഇ.ബി റോഡ് കൈയേറുന്നതെന്ന് ആക്ഷേപമുണ്ട്. ഈ നടപടിക്കെതിരെ നെടുമങ്ങാട് നഗരസഭയും കരകുളം, ആനാട് ഗ്രാമപഞ്ചായത്തുകളും കെ.എസ്.ഇ.ബി അധികൃതരെ നേരിൽക്കണ്ട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

കെണിയിൽ കുടുങ്ങി അയ്യപ്പഭക്തരും

ശബരിമല പാതയിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം - നെടുമങ്ങാട് - പാലോട് - കുളത്തൂപ്പുഴ റോഡിനെ സമാന്തരപാതയായി ഉയർത്തുക എന്ന പദ്ധതിയുടെ ഭാഗമായി അമ്പത് കോടിയോളം രൂപ ചെലവിട്ടാണ് റീടാറിംഗ് ഉൾപ്പടെ നവീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുള്ളത്. കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലെ തീർത്ഥാടകരുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ചുള്ളതായിരുന്നു ഈ റോഡിന്റെ നവീകരണം. ആവശ്യം യാഥാർത്ഥ്യമായെങ്കിലും അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ കുഴികളിൽ കുടുങ്ങിക്കിടക്കുന്നത് ഈ റൂട്ടിലെ സ്ഥിരം കാഴ്ചയായിട്ടുണ്ട്.

വാർത്ത വന്നപ്പോൾ നടപടി

നഗരഹൃദയമായ കച്ചേരിനടയിലെ മാതൃക ജംഗ്‌ഷൻ കുത്തിക്കിളച്ച് വഴിയാത്രക്കാരെ ദുരിതത്തിലാക്കിയത് സംബന്ധിച്ച് അടുത്തിടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് അടിയന്തരമായി കുഴികളിൽ മണ്ണിട്ട് മൂടുകയും കാൽനടക്കാരെ വലച്ചിരുന്ന കേബിളുകൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.