aruvikkara

തിരുവനന്തപുരം: അരുവിക്കര 86 എം.എൽ.ഡി ജലശുദ്ധീകരണ ശാലയിലെ രണ്ടാംഘട്ട നവീകരണം പൂർത്തിയായതോടെ പമ്പിംഗ് പുനരാരംഭിച്ചു. ഇന്നലെ ഉച്ചയോടെ നഗരത്തിൽ ഭാഗികമായി വെള്ളമെത്തിയെങ്കിലും ജലവിതരണം സാധാരണ നിലയിലാകാൻ ഇന്ന് ഉച്ചയായേക്കും. രണ്ടാം ഘട്ടം പൂർത്തിയാകുമ്പാൾ അസംസ്‌കൃത ജല, ശുദ്ധജല പമ്പ് ഹൗസുകളിൽ 631 എച്ച്.പി , 770 എച്ച്.പി വീതം ശേഷിയുള്ള പുതിയ പമ്പുകൾ സ്ഥാപിച്ചു കഴിഞ്ഞു. ബദൽ ക്രമീകരണം ഏർപ്പെടുത്തിയതിനാൽ പ്രതിസന്ധി അത്ര രൂക്ഷമായില്ലെങ്കിലും കരുതിവച്ച കുടിവെള്ളം തീർന്നത് നഗരവാസികളെ വലച്ചു. അവധി ദിവസമായതിനാൽ വെള്ളത്തിന് ഏറെ ഉപഭോഗമുണ്ടായിരുന്നു. ഇതാണ് പെട്ടെന്ന് വെള്ളം തീരാനാടിയാക്കിയത്. രണ്ട് പ്ലാന്റുകളിൽ ഒരെണ്ണമാണ് രണ്ടാംഘട്ടത്തിൽ നിറുത്തിവച്ചത് എന്നതിനാൽ നോർത്ത് ഡിവിഷൻ പരിധിയിൽ മാത്രമാണ് കുടിവെള്ളം മുടങ്ങിയത്. താഴ്ന്ന പ്രദേശങ്ങളിൽ ഇന്നലെ വെള്ളമെത്തിത്തുടങ്ങിയെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ സ്ഥിതി അല്പം ഗുരുതരമാണ്. ഇവിടങ്ങളിലേക്ക് ടാങ്കറിൽ ജലം എത്തിക്കുന്നുണ്ടെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.

മൂന്നാം ഘട്ട നവീകരണം 11ന്

ഈ ഘട്ടത്തിൽ 86 എം.എൽ.ഡി ശുദ്ധീകരണ ശാലയുടെ പ്രവർത്തനം ആറു മണിക്കൂർ നിറുത്തിവയ്ക്കും. ഫെബ്രുവരി ഒന്നിന് നടക്കുന്ന നാലാം ഘട്ടത്തിൽ 86 എം.എൽ.ഡി ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം 16 മണിക്കൂർ നിറുത്തിവയ്‌ക്കേണ്ടി വരും.