പൂവാർ: പൂവാർ ജംഗ്ഷനിലാണ് ഏത് നേരവും അപകടമാണെന്നാണ് നാട്ടുകാർ വേവലാതിപ്പെടുന്നത്. മൂന്ന് വളവുകൾ ചേർന്നു എന്നതാണ് പൂവാർ ജംഗ്‌ഷന്റെ പ്രത്യേകത. പൂവാറിൽ നിന്നും പൊഴിക്കരയിലേയ്ക്കും പിന്നെ വിഴിഞ്ഞത്തേയ്ക്കും തിരിയുന്ന ഒന്നാമത്തെ വളവും, കാഞ്ഞിരംകുളത്തേയ്ക്ക് തിരിയുന്ന രണ്ടാമത്തെ വളവും, നെയ്യാറ്റിൻകരയിലേയ്ക്കും കന്യാകുമാരിയിലേയ്ക്കും തിരിയുന്ന പ്രധാനപ്പെട്ട മൂന്നാമത്തെ വളവും ഉൾപ്പെടുന്നതാണ് പൂവാർ ജംഗ്ഷൻ.
പല ഭാഗത്തെ ഡിപ്പോകളിൽ നിന്നും ഇവിടേയ്ക്ക് വന്നു ചേരുന്ന ബസുകളും മറ്റ് വാഹനങ്ങളും കൂടാതെ കെ.എസ്.ആർ.ടി.സി പൂവാർ ഡിപ്പോയുടെ 56 സർവീസുകളും ബാക്കി ആട്ടോ -ടാക്സി കാറുകളും മറ്റ് വാഹനങ്ങളും കേന്ദ്രീകരിക്കുന്നത് ചെറിയ പാലത്തിന് സമീപത്തെ ജംഗ്‌ഷനിലുമാണ്. ഇതെല്ലാം പൂവാറിന്റെ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
ഈ തിരക്കിനിടയിൽ ബൈക്ക് റൈസിംഗ് നടത്തുന്ന പൂവാലന്മാർ കൂടി എത്തുന്നതോടെ ജംഗ്‌ഷൻ അപകടക്കെണിയാകും. ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുകയോ ട്രാഫിക് പൊലീസിന്റെ സേവനം ഉറപ്പുവരുത്തുകയോ
ചെയ്താൽ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ. അപകടമേഖലയായി പൂവാർ മാറിയിട്ടും ഉചിതമായ പരിഹാരമാർഗങ്ങൾ കണ്ടെത്താൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പാർക്കിംഗിനെ ചൊല്ലി പ്രദേശത്തെ വ്യാപാര സ്ഥാപന ഉടമകളും വാഹനങ്ങളുടെ ഡ്രൈവർമാരും തമ്മിൽ കലഹങ്ങളും ഇവിടെ പതിവായിട്ടുണ്ട്. ഇതിന് ഉചിതമായ പരിഹാരം നിർദ്ദേശിക്കാൻ പൊലീസിനും കഴിഞ്ഞിട്ടില്ലെന്ന് അവർ പറയുന്നു.
കേരളത്തിന്റെ ഭൂപടത്തിൽ ടൂറിസം മേഖലകളിൽ ഒന്നായി ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള പ്രദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പൂവാർ. നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നതിന്റെ മനോഹാരിത നുകരുന്നതിനും, കണ്ടൽകാടുകൾക്കിടയിലൂടെ ബോട്ട് സവാരി ചെയ്യുന്നതിനും, വിശാലമായ കടൽ ത്തീരത്തെ മണൽപ്പരപ്പിൽ സായാഹ്നനങ്ങൾ ചെലവിടുന്നതിനും, രുചിയൂറുന്ന വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ ഫ്ളോട്ടിംഗ് റെസ്റ്റോറന്റുകളിലിരുന്ന് കഴിക്കുന്നതിനുമായി ദിനംപ്രതി നൂറുകണക്കിന് വിദേശികളടക്കമുള്ള ടൂറിസ്റ്റ്കൾ വന്നു പോകുന്ന ഒരിടമായി പൂവാർ മാറിക്കഴിഞ്ഞിരിക്കുകയാണ്.
തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്യുന്നവർ എളുപ്പത്തിനായി തെരഞ്ഞെടുക്കുന്നതും പൂവാർ വഴിയുള്ള യാത്രയാണ്. പൂവാർ ഒരു മത്സ്യതൊഴിലാളി മേഖല കൂടിയായതിനാൽ ജനസാന്ദ്രത കൂടിയ പ്രദേശമായതുകൊണ്ടുതന്നെ ജംഗ്‌ഷനിൽ സദാ തിരക്കാണ്. നെയ്യാറിന് കുറുകെയുള്ള വലിയ പാലവും,എ.വി.എം കനാലിന് കുറുകെയുള്ള ചെറിയ പാലവും കടന്ന് വരുന്ന ഏതൊരു വാഹനവും അപകടം കൂടാതെ ജംഗ്‌ഷൻ വഴി കടന്നു പോകണമെങ്കിൽ ഭാഗ്യം കൊണ്ടു മാത്രമെ കഴിയൂ എന്നാണ് നാട്ടുകാർ പറയുന്നത്.
1. അപകടത്തിലേയ്ക്ക് നയിക്കുന്ന ഘടകങ്ങൾ
വഴിവാണിഭം
അനധികൃത പാർക്കിംഗ്
റോഡുവക്കിലെ ഫിഷ് മാർക്കറ്റ്
റോഡ് കൈയേറിയുള്ള കച്ചവടം
ദിശാ സൂചക ബോർഡില്ല
വഴിവാണിഭം നിയന്ത്രിക്കുകയും, റോഡുവക്കിലെ ഫിഷ് മാർക്കറ്റിന് ഉചിതമായ സ്ഥലം കണ്ടെത്തിയും, അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ ഒരു പാർക്കിംഗ് യാഡ് കണ്ടെത്തുകയുമാണ് അടിയന്തരമായി വേണ്ടത്. ഇക്കാര്യങ്ങളെല്ലാം നിറവേറ്റേണ്ട ഉത്തരവാദിത്വം ഗ്രാമ പഞ്ചായത്തിനാകുമ്പോൾ തന്നെ ഇതിനായുള്ള ഭൂമി പഞ്ചായത്തിന്റെ നിയന്ത്രണത്തിലില്ലെന്നാണ് ഭരണസമിതിക്കാർ പറയുന്നത്.
ഉചിതമായ സ്ഥലത്ത് വിലയ്ക്ക് വാങ്ങാനായിട്ടുള്ള ഭൂമിയോ, റോഡ് സൈഡിൽ ഇപ്പോഴുള്ള പി.ഡബ്ളിയൂ.ഡി യുടെ ഭൂമിയോ വിട്ടുകിട്ടുകയാണെങ്കിൽ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനാകും.
അപകടരഹിതമായ ജംഗ്ഷനായി പൂവാർ ജംഗ്ഷനെ മാറ്റാനാകും...
--- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അജിതകുമാരി
കുരുക്ക് ജംഗ്ഷനിൽ
കാരണം പലത്
സ്റ്രാൻഡിലെ ആട്ടോകൾ .. 97
9 ടാക്സി കാറുകൾ
20 ടെമ്പോവാനുകൾ
10 ഗുഡ്സ് വാഹനങ്ങൾ
റിസോർട്ടുകളുടെയും ബോട്ട് ക്ലബുകളുടെയും വാഹനങ്ങൾ
ഇവയെല്ലാം കേന്ദ്രീകരിക്കുന്നത് ചെറിയ പാലത്തിന് സമീപത്തെ ജംഗ്‌ഷനിലാണ്.
ഫോട്ടോ: 1,പൂവാറിലെ തിരക്കേറിയ റോഡിലെ അനധികൃത ഫിഷ് മാർക്കറ്റ് .
2, അപകടം പതിവാകുന്ന പൂവാർജംഗ്ഷൻ.