shavasa-camp

പാറശാല: സമഗ്ര ശിക്ഷ കേരളം, പാറശാല ബി.ആർ.സി എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പൊതു വിദ്യാലയങ്ങളിലെ ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഭിന്നശേഷി വിദ്യാർത്ഥികളെയും അവരുടെ രക്ഷകർത്താക്കളെയും ഉൾപ്പെടുത്തി രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന വരയും കുറിയും, വർണപമ്പരം, പാവക്കൂത്ത്, കരവിരുത് എന്നീ കോർണർ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തു. രണ്ടാം ദിവസം നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ തിയേറ്റർ ഗെയിം പ്രവർത്തനങ്ങൾക്കു ശേഷം നാടകാവതരണവും നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷാ തിരുവനന്തപുരം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എൻ.രത്നകുമാർ പതാക ഉയർത്തി. ജില്ലാ പ്രോഗ്രാം ഓഫീസർ ടി.എൽ രശ്മി ഭദ്രദീപം തെളിച്ചു. ചിരട്ടയിൽ കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ വിദഗ്ദ്ധനായ പന്ത്രണ്ടാം ക്ലാസുകാരൻ വിജിനെ ചടങ്ങിൽ അനുമോദിച്ചു. ബി.പി.ഒ എസ്.കൃഷ്ണകുമാർ, ട്രെയിനർമാരായ എസ്.അജികുമാർ, അലി ഷെയ്ഖ് മൻസൂർ, ആർ.എസ്.ബൈജു കുമാർ റിസോഴ്സ് അദ്ധ്യാപകരായ സുവർണകുമാരി, സ്മിത എന്നിവർ നേതൃത്വം നൽകി.