ksrtcbus

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യാത്രാപാസ് കാണിക്കില്ലെന്നുശഠിച്ച് കണ്ടക്ടറോട് വാക്പോര് നടത്തിയ നെയ്യാറ്റിൻകര ഡിപ്പോയിലെ സൂപ്രണ്ടിനെതിരെ ഒരു പെൻഷൻകാരൻ വിജിലൻസിന് പരാതി നൽകിയത് കഴിഞ്ഞ മാസം 27ന്.

ശനിയാഴ്ച ബസിൽ പാസ് ചോദിച്ചപ്പോൾ കണ്ടക്ടറോട് സൂപ്രണ്ട് മഹേശ്വരി പറഞ്ഞത് ''നിന്നെ പാസ് കാണിക്കത്തില്ല, നിന്റെ ഈ അഭ്യാസം എന്റെടുത്ത് ഇറക്കേണ്ട''എന്നൊക്കെയാണ്. ഇതേ സൂപ്രണ്ടിന്റെയടുത്ത് പ്രിവിലേജ് പാസ് ഒപ്പിടുവിക്കാനായി പെൻഷൻകാരൻ എത്തിയപ്പോൾ ''ഞാൻ ഒപ്പിട്ടു തന്നിട്ട് നീ ഇന്ന് പാസ് കൊണ്ടു പോകില്ല'' എന്നു പറഞ്ഞുവെന്നാണ് പരാതി. കഴി‌ഞ്ഞ 19ന് നടന്ന സംഭവുമായി ബന്ധപ്പെട്ട് ചൊവ്വര അമ്പലത്തുംമൂല എം. ജോൺസൺ റോച്ചാണ് 27ന് വിജിലൻസ് ഓഫീസർക്ക് പരാതി നൽകിയത്.

പെൻഷൻകാരന് അർഹതപ്പെട്ട പ്രിവിലേജ് പാസ് വാങ്ങുന്നതിനായി രാവിലെ 10.50ന് എത്തിയ താൻ എ.ടി.ഒയിൽ നിന്ന് ഒപ്പുവാങ്ങിയ ശേഷം ക്ളാർക്കിന് നൽകി. ക്ലറിക്കൽ ജോലി കഴിഞ്ഞശേഷം ഒപ്പിടാൻ സൂപ്രണ്ട് വരണമെന്ന് പറഞ്ഞു. അപ്പോൾ പുറത്ത് നിന്നിരുന്ന സൂപ്രണ്ടിനോട് പാസ് ഒപ്പിട്ടു തരണമെന്ന് അഭ്യർത്ഥിച്ചത് അവർക്കിഷ്ടമായില്ലെന്നും പിന്നീട് സീറ്റിലെത്തിയപ്പോൾ തന്നോട് സംസ്കാരശൂന്യമായി സംസാരിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഈ പരാതിയെ കുറിച്ച് വിജിലൻസ് അന്വേഷണം നടക്കുമ്പോഴാണ് സൂപ്രണ്ട് മഹേശ്വരിക്കെതിരെ 'ജീവനുള്ള' തെളിവ് കണ്ടക്ടർ നൽകുന്നത്.