ചിറയിൻകീഴ്: മുരുക്കുംപുഴ - കഠിനംകുളം പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പാലം നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും നാട്ടുകാരുടെ ആവശ്യം നിറവേറ്റാൻ അധികൃതർ തയ്യാറായിട്ടില്ല.
ദിനംപ്രതി നിരവധി പേരാണ് വിവിധ ആവശ്യങ്ങൾക്കായി കടത്തുവഴി യാത്ര ചെയ്യുന്നത്. മതിയായ കടത്തുസൗകര്യം ഇല്ലെങ്കിൽപ്പോലും ഇപ്പോഴും നിരവധി പേരാണ് കടത്തുവഞ്ചിയെ ആശ്രയിക്കുന്നത്.
അഴൂർ കടവ് പാലം, പെരുമാതുറ പാലം എന്നിവയൊക്കെ വന്നെങ്കിലും കഠിനംകുളത്തുകാർക്ക് എൻ.എച്ചിൽ പ്രവേശിക്കാൻ ഇപ്പോഴുമെളുപ്പം ഇവിടം വഴിയുള്ള പാലമാണ്. മാത്രവുമല്ല മലയോരമേഖലയായ നെടുമങ്ങാടിനെയും തീരദേശ മേഖലയായ കഠിനംകുളത്തെയും ബന്ധിപ്പിച്ചുകൊണ്ട് മത്സ്യ കാർഷിക വിപണനം വ്യാപകമാക്കാനും സാധിക്കും. മുൻകാലങ്ങളിൽ നെടുമങ്ങാട് നിന്നും മുരുക്കുംപുഴ കടവ് വരെ എത്തുന്ന ബസ് സർവീസ് ഉണ്ടായിരുന്നു. എന്നാൽ കാലക്രമേണ ഈ സർവീസ് മുരുക്കുംപുഴ ജംഗ്ഷൻ വരെ ആക്കുകയായിരുന്നു. റെയിൽവേ ഗേറ്റ് കടക്കുന്നതിനായി കാത്തു കിടുക്കുന്നതാണ് ഇതിനു കാരണമായി പറഞ്ഞ് കേട്ടത്. ഇവിടെ പാലം വന്നാൽ ഈ പ്രശ്നത്തിനെല്ലാം ശാശ്വത പരിഹാരം കാണാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പാലത്തിനായി മുമ്പൊരിക്കൽ ബഡ്ജറ്റിൽ തുക വക കൊള്ളിച്ചതുമാണ്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളിൽ തുടർന്നു വന്ന സർക്കാറുകൾ അലംഭാവം കാണിച്ചതാണ് ഈ പദ്ധതി ഇപ്പോഴും അനന്തമായി നീളുന്നതിന് കാരണം.