2
പൗരത്വനിയമ ഭേദഗതിയെ സംബന്ധിച്ച ജനസമ്പർക്ക പരുപാടിയുടെ ഭാഗമായി കേന്ദ്ര സഹമന്ത്രി കിരൺ റിജ്ജു ജോർജ് ഓണക്കൂറിനെ വസതിയിലെത്തി സന്ദർശിച്ചപ്പോൾ. എസ്. സുരേഷ് സമീപം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം നിലനിൽക്കില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. നിയമം പാർലമെന്റിന്റെ പരിധിയിൽ വരുന്നതാണ്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും ബി.ജെ.പി നടത്തുന്ന സമ്പർക്കയജ്ഞത്തിന്റെ ഭാഗമായി പ്രസ് ക്ളബ്ബിൽ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു

നിയമം പാസാക്കിയത് കേന്ദ്ര സർക്കാരാണ്. അതിൽ ഭേദഗതി വരുത്താനുള്ള അവകാശവും കേന്ദ്രത്തിന് മാത്രമാണുള്ളത്. ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ആർക്കും പ്രതിഷേധമില്ലായിരുന്നു. ബിൽ പാസാക്കിയതോടെ തൽപര കക്ഷികൾ ഇതിനെതിരെ രംഗത്തിറങ്ങി. നിയമം മുസ്ളിങ്ങൾക്കെതിരാണെന്ന വ്യാജ പ്രചാരണമാണ് അവർ നടത്തിയത്. തുടർന്നാണ് വിവിധയിടങ്ങളിൽ സംഘർഷങ്ങൾ അരങ്ങേറിയത്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പീഡനത്തിനിരയായി ഇന്ത്യയിൽ അഭയം തേടിയവർക്ക് പൗരത്വം നൽകുന്നതിനെ കോൺഗ്രസും സി.പി.എമ്മും മുമ്പ് അനുകൂലിച്ചിരുന്നതാണ്. എന്നാലിപ്പോൾ അവർ പ്രതിഷേധത്തിന്റെ മുൻനിരയിലാണ്. കേന്ദ്ര സർക്കാർ എല്ലാ വിഭാഗത്തേയും ഒരു പോലെയാണ് കാണുന്നത്. അത് മറച്ചുവച്ച് വ്യാജപ്രചരണം നടത്തുന്ന എൽ.ഡി.എഫും യു.ഡി.എഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അതിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചാൽ നടപടിയെടുക്കും. പ്രതിഷേധങ്ങൾക്കിടെയുണ്ടാകുന്ന അക്രമസംഭവങ്ങൾ കേരളത്തിന്റെ വികസനത്തെ ബാധിക്കും- കിരൺ റിജിജു പറഞ്ഞു.ബി.ജെ.പി ജില്ലാപ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷനായി. ഒ.രാജഗോപാൽ എം.എൽ.എ, സംസ്ഥാന നേതാക്കളായ സി.ശിവൻകുട്ടി, ജെ.ആർ.പദ്മകുമാർ, കെ.എ. ബാഹുലേയൻ, പി.പി.വാവ തുടങ്ങിയവർ പങ്കെടുത്തു.