പാറശാല: പുതുവർഷാഘോഷങ്ങൾക്ക് പണം നൽകാത്തതിന്റെ പേരിൽ ഗുണ്ടാസംഘാംഗങ്ങൾ ചേർന്ന് മർദ്ദിച്ചവശനാക്കിയ ശേഷം യുവാവിന്റെ ദേഹത്തുകൂടി ആട്ടോറിക്ഷ കയറ്റിയിറക്കിയ സംഭവത്തിൽ, ആക്രമിക്കപ്പെട്ട സെന്തിൽറോയിയുടെ അമ്മ ചന്ദ്രിക മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. മകനെ സംഘം ചേർന്ന് ക്രൂരമായി ആക്രമിച്ച ശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയും ദേഹത്തുകൂടി ആട്ടോ കയറ്റി ഇറക്കുകയും ചെയ്ത സംഭവത്തിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിലെ പ്രതികളിൽ രണ്ടുപേർക്ക് പുറമെ കൃത്യത്തിന് ഉപയോഗിച്ച ആട്ടോ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഏഴ് പേരടങ്ങുന്ന സംഘമാണ് ക്രൂരമായി മർദ്ദിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള സെന്തിൽറോയി പൊലീസിന് മൊഴി നൽകിയിരുന്നു.