തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ലഹരി വസ്തുക്കളുടെ വിൽപ്പനയ്ക്ക് പിടിക്കപ്പെടുന്ന വ്യാപാര സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നത് തടയുന്നതിന് സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. എക്‌സൈസ് ആസ്ഥാനത്ത് നടന്ന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. .
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകവും ശക്തവുമാക്കുന്നതിന് സംസ്ഥാനത്തുടനീളം പ്രാദേശിക തലത്തിൽ വിമുക്തി സേന രൂപീകരണം ജനുവരി മുപ്പതിന് പൂർത്തിയാവും. ആരോഗ്യവകുപ്പിന്റെ ആർദ്രം പദ്ധതിയുമായി സഹകരിച്ച് എക്‌സൈസ് വകുപ്പും ആരോഗ്യ വകുപ്പും നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് കിനാലൂരിൽ 100 കോടി രൂപ ചെലവിൽ മാതൃകാ ലഹരി മുക്തകേന്ദ്രം ആരംഭിക്കും. വ്യവസായ വകുപ്പിന് കീഴിലുള്ള 50 ഏക്കർ ഇതിനായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ, എക്‌സൈസ് കമ്മീഷണർ അനന്തകൃഷ്ണൻ, അഡിഷണൽ എക്‌സൈസ് കമ്മീഷണർ ഡി.രാജീവ്, വിമുക്തി 90 ദിന തീവ്രയത്‌ന പരിപാടിയുടെ സ്‌പെഷ്യൽ ഓഫീസർ ടി.വി.അനുപമ, വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.