സിഡ്‌നി : കാട്ടുതീയിൽ കഷ്ടപ്പെടുന്ന ആസ്ട്രേലിയൻ ജനങ്ങൾക്ക് സഹായവുമായി കായിക ലോകവും ക്രിക്കറ്റ്, ടെന്നിസ് താരങ്ങളാണ് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.
നിശ്ചിത തുക സംഭാവന നൽകുന്നതിന് പകരം വ്യത്യസ്തതരം ചലഞ്ചുകളുമായാണ് കായിക താരങ്ങൾ സഹായിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നതെന്ന കൗതുകവുമുണ്ട്. തങ്ങൾ അടിക്കുന്ന ഒാരോ സിക്സിനും നിശ്ചിത സഹായധനം വാഗ്‌ദാനം ചെയ്ത് ക്രിക്കറ്റ് താരങ്ങൾ രംഗത്തുവന്നപ്പോൾ പറത്തുന്ന എയ്സുകൾക്ക് ഒാരോന്നിനും തുക പറഞ്ഞാണ് ടെന്നീസ് താരങ്ങളുടെ ചലഞ്ച്.
ആസ്ട്രേലിയൻ പ്രാദേശിക ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ട്വന്റി 20യിൽ താൻ പറത്തുന്ന ഒാരോ സിക്സിനും 250 ഡോളർ (18000 ത്തോളം രൂപ) നൽകാമെന്ന വാഗ്‌ദാനവുമായി ആസ്ട്രേലിയൻ ക്രിക്കറ്റർ ക്രിസ്‌ലിന്നാണ് ആദ്യം എത്തിയത്.
സൂപ്പർതാരം ഗ്ളെൻ മാക്‌സ്‌വെല്ലും യുവതാരം ഡി ആർസി ഷോർട്ടും ഇതേ വാഗ്ദാനം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മൂന്ന് സിക്സടിച്ച ലിൻ വാഗ്‌ദാനപ്രകാരം 750 ഡോളർ കൈമാറുകയും ചെയ്തു.
ആസ്ട്രേലിയൻ ടെന്നിസ് താരം നിക്ക് കിർഗിയക്കോസ് താൻപറത്തുന്ന ഒാരോ എയ്സിനും 140 ഡോളർ (10000 ത്തോളം രൂപ) ആണ് സഹായധനം പ്രഖ്യാപിച്ചത്. എ.ടി.പി കപ്പ് മുതൽ സഹായം നൽകുമെന്ന് കിർഗിയാക്കോസ് പ്രഖ്യാപിച്ചു. എന്നാൽ പരിക്കുമൂലം കിർഗിയാക്കോസിന് എ.ടി.പി കപ്പിൽനിന്ന് പിൻമാറേണ്ടിവന്നിരിക്കുകയാണ്. പക്ഷേ കിർഗിയാക്കോസിന്റെ വാഗ്ദാനം മറ്റുള്ളവർക്ക് അതിലേറെ തുക നൽകാൻ പ്രചോദനമായി. അലക്സ് ഡിമിനോർ ഒാരോ എയ്സിനും 250 ഡോളറും സാമന്ത സ്റ്റോസർ 200 ഡോളറും വാഗ്‌ദാനം ചെയ്തു. ടൂർണമെന്റിലെ ഒാരോ എയ്സിനും 100 ഡോളർ വീതം സഹായ നിധിയിലേക്ക് കൈമാറുമെന്ന് സംഘാടക സമിതിയും അറിയിച്ചു.
റൊമേനിയൻ വനിതാതാരം സിമോനെ ഹാലപ്പിന്റെ വാഗ്‌ദാനമാണ് കൗതുകകരം. താൻ എയ്സ് പായിക്കുന്നതിൽ വിദഗ്ദ്ധ അല്ലാത്തതിനാൽ മത്സരത്തിനിടെ കോച്ചിനെ നോക്കി ആക്രോശിക്കുന്ന ഒാരോ തവണയും 200 ഡോളർ നൽകാമെന്നാണ് ഹാലെപ്പിന്റെ വാഗ്‌ദാനം.
നിക്ക്‌കിർഗിയാക്കോസ്
എ.ടി.പി കപ്പിലും ആസ്ട്രേലിയൻ ഒാപ്പണിലും പറത്തുന്ന ഒാരോ എയ്സിനും 140 ഡോളർ വീതം.
അലക്സ് ഡിമിനോർ
ഒാരോ എയ്സ് പറത്തുമ്പോഴും 250 ഡോളർ വീതം സഹായ നിധിയിലേക്ക്.
സാമന്ത സ്റ്റോസർ
ഒാരോ എയ്സിനും 200 ഡോളർ വീതം സഹായ നിധിയിലേക്ക്
സിമോണഹാലെപ്പ്
മത്സരത്തിനിടെ കോച്ചിനെ നോക്കി ആക്രോശിക്കുന്ന ഒാരോ തവണയും 200 ഡോളർ വീതം.
ആഷ്‌ലി ബർട്ടി
ബ്രിസ്ബേൻ ഇന്റർനാഷണൽ ടൂർണമെന്റിലെ മുഴുവൻ പ്രൈസ് മണിയും ദുരിതാശ്വാസത്തിന്.
ക്രിസ്‌ലിൻ
ബിഗ് ബാഷ് ലീഗിലെ ഒാരോ സിക്സിനും 250 ഡോളർവീതം ഗ്ളെൻ മാക്സ്‌വെല്ലും ഇതേ ഒാഫർ മുന്നോട്ടുവച്ചിട്ടുണ്ട്.
ആലിസ് കോർണറ്റ്
ഒാരോ ഡ്രോപ്പ് ഷോട്ടിനും 50 ഡോളർ വീതം.