തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കാൻ വീട്ടിലെത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ അഭിപ്രായങ്ങളോട് സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ വിയോജിപ്പ് പ്രകടിപ്പിച്ചു.
രാജ്യത്തെ മൂന്ന് കോടി വീടുകളിലെത്തി നിയമത്തെക്കുറിച്ചു ബോധവത്കരിക്കുന്ന ബി.ജെ.പിയുടെ ഗൃഹസമ്പർക്ക പരിപാടിക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കാനാണ് കേന്ദ്ര സഹമന്ത്രി റിജിജു എത്തിയത്. സംസ്ഥാന ബി.ജെ.പി നേതാക്കളുടെ
നിർദേശമനുസരിച്ച് രാവിലെ നാലാഞ്ചിറയിലുള്ള ഓണക്കൂറിന്റെ വസയിലെത്തിയ മന്ത്രിയെ അദ്ദേഹം സ്വീകരിച്ചു. തുടർന്നു നിയമത്തെക്കുറിച്ച് സംസാരിച്ച മന്ത്രി , നിയമം മുസ്ലിം വിരുദ്ധമല്ലെന്നും വ്യാജപ്രചാരണം നടക്കുന്നെന്നും പറഞ്ഞു. അതിനോട് ഓണക്കൂർ കൈയോടെ വിയോജിച്ചു. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കി 6 മതങ്ങളെ പൗരത്വ ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തിയ നടപടി ശരിയായില്ലെന്നും,മുസ്ലീങ്ങളെ മാത്രം ഒഴിവാക്കിയതു രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. നിയമം ഏതെങ്കിലും മതത്തിന് എതിരല്ലെന്ന് തുടർന്ന് റിജിജു വിശദീകരിച്ചു. താൻ ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോൾ കുടിയേറ്റക്കാരായ നല്ല മുസ്ലീങ്ങൾക്കു പൗരത്വം നൽകിയിട്ടുണ്ട്. പാകിസ്ഥാനി ഗായകൻ അഡ്നാൻ സാമിക്ക് മുമ്പ് പൗരത്വം നൽകി. അദ്ദേഹം നല്ല മുസ്ലീമാണ്. ശ്രീലങ്കൻ തമിഴ് അഭയാർത്ഥികൾക്കും മറ്റുള്ളവർക്കുമായി വേണമെങ്കിൽ വേറെ നിയമമാകാം. അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാനാണ് ഇപ്പോഴത്തെ നിയമം.വ്യാജപ്രചാരണം നടത്തുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്നും കേന്ദ് മന്ത്രി പറഞ്ഞു.ഓണക്കൂറിന്റെ പ്രതികരണത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ ,എല്ലാവർക്കും വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
വാളയാറിൽ 2 പെൺകുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസം നടന്നപ്പോൾ കുമ്മനത്തിന് പിന്തുണയുമായി ഓണക്കൂർ എത്തിയിരുന്നു.