തിരുവനന്തപുരം: പൗരത്വ ദേഭഗതി നിയമത്തിൽ മുസ്ലീങ്ങളെ ഒഴിവാക്കിയ നടപടിയിൽ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് സൂസാപാക്യവും തിരുവനന്തപുരം മുസ്ലീം അസോസിയേഷനും കേന്ദ്രമന്ത്രി കിരൺ റിജിജുവിനോട് ആശങ്ക പ്രകടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിശദീകരിക്കാൻ ഭവന സന്ദർശനത്തിെന്റ ഭാഗമായി എത്തിയതായിരുന്നു കേന്ദ്രമന്ത്രി .

പൗരത്വ നിയമത്തിന് അനുകൂല നിലപാട് രൂപവത്കരിക്കാൻ ലക്ഷ്യമിട്ടാണ് ഭവന സന്ദർശന പരിപാടി ആരംഭിച്ചതെങ്കിലും അനുകൂല നിലപാടല്ല ആദ്യ ദിനം പ്രമുഖരിൽ നിന്ന് ലഭിച്ചത്.
നിയമഭേദഗതി മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുന്നതാണെന്ന് വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയ കേന്ദ്രമന്ത്രിയോട് സൂസാപാക്യം തുറന്ന് പറഞ്ഞു. കേന്ദ്ര സർക്കാർ മുസ്ലീം സമുദായത്തിന്റ വിശ്വാസ്യത വീണ്ടെടുക്കണം. ചർച്ചകളിലൂടെ തെറ്റിദ്ധാരണ നീക്കണം. എല്ലാ വിഭാഗത്തേയും യോജിപ്പിക്കുന്ന നിലപാടിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു. ആർച്ച് ബിഷപ്പ് ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.
നിയമം പിൻവലിക്കണമെന്ന് കേന്ദ്രമന്ത്രിയോട് മുസ്ലീം അസോസിയേഷൻ ആവശ്യപ്പെട്ടു. പൗരത്വത്തിന്റ കാര്യത്തിൽ തുല്യത വേണം. ഒരു വിധ വിവേചനവും പാടില്ല. പൗരത്വം കിട്ടുന്നതിനുള്ള മാനദണ്ഡം മുസ്ലീമാകരുത് എന്നതാകാൻ പാടില്ല. മുസ്ലീം സമുദായം കടുത്ത ആശങ്കയിലാണ്. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനുള്ള നിവേദനവും ഭാരവാഹികൾ കേന്ദ്രമന്ത്രിക്ക് കൈമാറി.മുത്തലാഖ്, ബാബറി മസ്ജിദ് അടക്കമുള്ള വിഷയങ്ങളിലും കേന്ദ്രമന്ത്രിയെ ആശങ്ക അറിയിച്ചു. നിയമത്തിന്റെ പേരിൽ തെറ്റിദ്ധാരണ പരത്തുകയാണെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. അസോസിയേഷൻ പ്രസിഡന്റ് നാസർ കടയറ, ഇ.എം. നജീബ്, ഖ്വാജ മുഹമ്മദ്, ഷാജഹാൻ ശ്രീകാര്യം, ഹംസ തെന്നൂർ തുടങ്ങിയവരാണ് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയത്.