australia-cricket
australia cricket

സിഡ്‌നി : ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിലും വ്യക്തമായ ആധിപത്യവുമായി ആസ്ട്രേലിയ.

ഒന്നാം ഇന്നിംഗ്സിൽ 454 റൺസടിച്ച ശേഷം കിവീസിനെ 251 റൺസിന് ആൾ ഒൗട്ടാക്കിയ ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വിക്കറ്റ് നഷ്ടം കൂടാതെ 40 റൺസിലെത്തിയിരിക്കുകയാണ്. മൂന്നാംദിവസം കളി അവസാനിക്കുമ്പോൾ 243 റൺസിന്റെ ലീഡാണ് ആതിഥേയർക്കുള്ളത്.

63/0 എന്ന സ്കോറിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനിറങ്ങിയ കിവികളെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ നഥാൻ ലിയോണും മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസും ചേർന്നാണ് തകർത്തത്. ലോംലതാം (49), ടോം ബ്ളൻഡേൽ (34), ജീത് റാവൽ (31), റോസ് ടെയ്‌ലർ (22), ഗ്ളെൻ ഫിലിപ്പ്സ് (52) എന്നിവരടങ്ങിയ മുൻനിര പൊരുതി നോക്കിയെങ്കിലും ലിയോണും കമ്മിൻസും ചേർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കളി നിയന്ത്രണത്തിലാക്കുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഒാസീസിനായി ഡേവിഡ് വാർണറും (23) ജോ ബേൺസുമാണ് (16) ക്രീസിൽ.

ബോതത്തെ കടന്ന് ലിയോൺ

ആദ്യ ഇന്നിംഗ്സിൽ അഞ്ച് കിവീസ് വിക്കറ്റുകൾ നേടിയ സ്പിന്നർ നഥാൻ ലിയോൺ ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ ഇയാൻ ബോതമിനെ മറികടന്നു. 383 വിക്കറ്റുകളാണ് ബോതമിനുള്ളത്. ലിയോണിന് 385 വിക്കറ്റുകളായി.