മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ ഒന്നാംസ്ഥാനത്തിനുവേണ്ടിയുള്ള റയൽ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയുംപോരാട്ടം ഒപ്പത്തിനൊപ്പം. കഴിഞ്ഞ രാത്രി നടന്ന മത്സരങ്ങളിൽ റയൽ മാഡ്രിഡ് 3-0 ത്തിന് ഗെറ്റാപ്പെയെ തോൽപ്പിച്ചതിന് പിന്നാലെ ബാഴ്സലോണ എസ്‌പാന്യോളുമായി 2-2ന് സമനില വഴങ്ങിയതോടെയാണ് ഇരു ക്ളബുകൾക്കും 19 മത്സരത്തിൽനിന്ന് 40 പോയിന്റ് വീതമായത്. എങ്കിലും ഗോൾ ശരാശരിയിൽ ബാഴ്സലോണ ഒന്നാം സ്ഥാനത്താണ്.
റാഫേൽ വരാനെയുടെ ഇരു ഗോളുകളുടെയും ലൂക്കാ മൊഡ്രിച്ചിന്റെ ഇൻജുറി ടൈം ഗോളിന്റെയും മികവിലാണ് റയൽ മാഡ്രിഡ് ഗെറ്റാപ്പെയെ കീഴടക്കിയത്.
എസ്‌പാന്യോളിനെതിരെ ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ബാഴ്സലോണ രണ്ടാംപകുതിയിൽ 2-1ന് ലീഡ് നേടിയെങ്കിലും കളി അവസാനിക്കുന്നതിനുമുമ്പ് സമനില വഴങ്ങി. 23-ാം മിനിട്ടിൽ ഡേവിഡ് ലോപ്പസിലൂടെ എസ്‌പാന്യോളാണ് ആദ്യം സ്കോർ ചെയ്തത്. 50-ാം മിനിട്ടിൽ ലൂയിസ് സുവാരേസും 59-ാം മിനിട്ടിൽ ആർട്ടുറോ വിദാലും ബാഴ്സയെ മുന്നിലെത്തിച്ചു. 88-ാം മിനിട്ടിൽ വുലേയ് ആണ് എസ്‌പാന്യോളിന് സമനില സമ്മാനിച്ചത്. 75-ാം മിനിട്ടിൽ ഡി യോംഗ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് ബാഴ്സയ്ക്ക് തിരിച്ചടിയായി.