മൂഡബിട്രി : 50-ാമത് ഇന്റർ വാഴ്സിറ്റി അത്‌ലറ്റിക്സ് മീറ്റിൽ ഇന്നലെ നടന്ന 4 x 400 മീറ്റർ മിക്സഡ് റിലേയിൽ സ്വർണം നേടി കലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർനാഷണൽ അത്‌ലറ്റ് ജിസ്‌ന മാത്യു അടങ്ങിയ ടീമാണ് ഒന്നാമതെത്തിയത്. മുഹമ്മദ് ബാദുഷ, നവനീത് അബിദ മേരി മാനുവൽ എന്നിവരാണ് ജിസ്‌നയ്ക്കൊപ്പം ഒാടിയത്.
മിക്‌സഡ് റിലേയിലെ വെള്ളിയും കേരളത്തിൽനിന്നുള്ള സർവകലാശാലയ്ക്കാണ് കെ.ടി. എമിലി, അനിലവേണു , അനന്ദു വിജയൻ, അനിരുദ്ധ് സി.ആർ എന്നിവരടങ്ങിയ എം.ജി. യൂണിവേഴ്സിറ്റി ടീമാണ് കലിക്കറ്റിന് പിന്നിൽ ഒാടിയെത്തിയത്.
വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ മൂന്നാംസ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും നിലവിലെ വാഴ്സിറ്റി റെക്കാഡ് മെച്ചപ്പെടുത്താൻ കേരള യൂണിവേഴ്സിറ്റി താരം അപർണ റോയ്ക്ക് കഴിഞ്ഞു. 13.55 സെക്കൻഡിലാണ് അപർണ ഫിനിഷ് ചെയ്തത്. 13.37 സെക്കൻഡിൽ ഫിനിഷ് ചെയ്ത ആചാര്യ നാഗാർജുന യൂണിവേഴ്സിറ്റിയുടെ വൈ ജ്യോതിയാണ് പുതിയ റെക്കാഡിന് ഉടമ.