kovalam

കോവളം: ബീച്ച് കാണാനെത്തിയ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു ബൈക്കിൽ തട്ടി ബസിനടിയിലേക്കുവീണ് ഭാര്യയ്ക്ക് ദാരുണാന്ത്യം. മാറനല്ലൂർ കോഴോട് താന്നിമൂട് വടക്കുംകര തേരിവിള പുത്തൻ വീട്ടിൽ ആതിര (29) യാണ് മരിച്ചത്. ഭർത്താവ് സുനിൽകുമാറിനെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മകൻ ആദർശ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ വൈകിട്ട് ആറോടെ കോവളം ബീച്ച് റോഡിൽ പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം.

വൈകിട്ട് ബന്ധുവായ വിജിത്തിനും ഭാര്യ അപർണയ്ക്കുമൊപ്പം സുനിൽകുമാറും ആതിരയും മക്കളായ ആദർശ്, ആർച്ച എന്നിവ‌രുമായി ബീച്ച് കാണാൻ എത്തിയിരുന്നു. വീട്ടിലേക്ക് മടങ്ങവെ ആദർശ് അച്ഛനമ്മമാരോടൊപ്പവും, ആർച്ച ബന്ധുവിന്റെ സ്കൂട്ടറിലുമാണ് മടങ്ങിയത്. സുനിൽകുമാറും ആതിരയും സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന മറ്റൊരു ബൈക്കിന്റെ ഹാൻഡിലിൽ തട്ടി നിയന്ത്രണം തെറ്റി വീണു. ആതിര തൊട്ടു പിറകെ വന്ന കെ.എസ് ആർ.ടി.സി എ.സി ലോഫ്ളോർ ബസിനടിയിലേക്ക് തെറിച്ച് വീഴുകയും തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയുമായിരുന്നു. ആതിര തൽക്ഷണം മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. സാധു കുടുംബമായ വേണുവിന്റെയും പ്രസന്നയുടെയും രണ്ടാമത്തെ മകളാണ് ആതിര. മ‌ൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. കോവളം പൊലീസ് കേസെടുത്തു.