കൊച്ചി : രണ്ടരമാസത്തിലേറെ നീണ്ട കാത്തിരിപ്പിന് അറുതി വരുത്തി കേരള ബ്ളാസ്റ്റേഴ്സിന് ഐ.എസ്.എല്ലിൽ രണ്ടാംജയം. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഏറ്റവും പിന്നാക്കക്കാരായ ഹൈദരാബാദ് എഫ്.സിയെ 5-1ന് കീഴടക്കിയ ബ്ളാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്തുനിന്ന് ഏഴാമതേക്ക് മുന്നേറുകയും ചെയ്തു.
ഇരട്ടഗോളുകൾ നേടിയ ബാർത്തലോമിയോ ഒഗുബച്ചേയും ഒാരോ ഗോൾ നേടിയ ദ്രൊബാറോവും റാഫേൽ, മെസിയും സെത്യസെൻ സിംഗും ചേർന്നാണ് ബ്ളാസ്റ്റേഴ്സിന് വിജയമൊരുക്കിയത്.
കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഏറക്കുറെ ആളൊഴിഞ്ഞ ഗാലറിക്ക് മുന്നിൽ നടന്ന മത്സരത്തിൽ ആദ്യം ഗോളടിച്ചത് ഹൈദരാബാദ് എഫ്.സിയാണ്. 14-ാം മിനിട്ടിൽ ബോബോയിലൂടെ മാഴ്സലീഞ്ഞോയുടെ പാസിൽ നിന്നായിരുന്നു ബോബോയുടെ ഗോൾ.
എന്നാൽ 33-ാം മിനിട്ടിൽ സുയിവർ ലൂണിന്റെ ക്രോസിൽ നിന്ന് സൂപ്പർ താരം ബാർത്തലോമിയോ ഒഗുബച്ചെ ബ്ളാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. 39-ാം മിനിട്ടിൽ സത്യാസെൻ സിംഗിന്റെ പാസിൽ നിന്ന് ദ്റോബറോവ് ലീഡും സമ്മാനിച്ചു. 45-ാം മിനിട്ടിൽ റാഫേൽ മെസി ബൗളിയാണ് മൂന്നാം ഗോൾ നേടിയത്. ഹോളിചരൺ നർസാറിയാണ് ഗോളിന് വഴിയൊരുക്കിയത്. ഇടവേളയിൽ 3-1ന് ലീഡ് ചെയ്ത മഞ്ഞപ്പടയ്ക്ക് വേണ്ടി 59-ാം മിനിട്ടിൽ സെത്യസെൻ നാലാം ഗോൾ നേടി. 75-ാം മിനിട്ടിലായിരുന്നു ഒഗുബച്ചെയുടെ അവസാന ഗോൾ.
.
76
ദിവസങ്ങൾക്ക് ശേഷമാണ് ബ്ളാസ്റ്റേഴ്സ് ഐ.എസ്.എല്ലിൽ വിജയം നേടുന്നത്. ഒക്ടോബർ 21ന് എ.ടി.കെയ്ക്ക് എതിരെയായിരുന്നു ആദ്യ ജയം.
15
ഗോളുകളാണ് ഇൗ സീസണിൽ ആകെ ബാസ്റ്റേഴ്സ് നേടിയത്. അതിൽ മൂന്നിലൊന്നും ഇന്നലെയാണ് നേടാനായത്.
11
മത്സരങ്ങളിൽ നിന്ന് അത്രതന്നെ പോയിന്റാണ് ഇപ്പോൾ ബ്ളാസ്റ്റേഴ്സിനുള്ളത്. പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയരാൻ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.
5-1
ഇൗ സീസണിലെ മഞ്ഞപ്പടയുടെ ഏറ്റവും ഉയർന്ന വിജയ മാർജിനാണിത്. എ.ടി.കെയെ 2-1നാണ് തോൽപ്പിക്കുന്നത്. ഹൈദരാബാദിനോട് 1-2ന് എവേമാച്ചിൽ തോറ്റിരുന്നു.