തിരുവനന്തപുരം: ന്യൂഡൽഹിയിലെ ജെ.എൻ.യു ക്യാമ്പസിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഇന്നലെ രാത്രി 10 ന് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് സമീപമുള്ള റോഡിൽ പൊലീസ് തടഞ്ഞു. മാർച്ച് എസ് .എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വിനീത് ഉദ്‌ഘാടനം ചെയ്തു. മോദി ഭരണത്തിൽ വിദ്യാർത്ഥികൾക്ക് നേരെയുള്ള അക്രമം പെരുകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജെ.ജെ.അഭിജിത്,സംസ്ഥാന വൈസ് പ്രസിഡന്റ് ശരത് എന്നിവർ പങ്കെടുത്തു .