jnu-violence

ന്യൂഡൽഹി: ജെ.എൻ.യുവിൽ ഇന്നലെ നടന്ന ആക്രമണം ആസൂത്രിതമെന്ന് തെളിയിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്. യുണൈറ്റ് എഗയിനിസ്റ്റ് ലെഫ്റ്റ് എന്ന വാട്‍സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങൾ പറന്നത്. അക്രമികൾക്ക് ജെ.എൻ.യുവിലേക്ക് എത്താനുള്ള വഴികൾ സന്ദേശത്തിൽ നിർദ്ദേശിക്കുന്നത് വ്യക്തമാണ്. ജെ.എൻ.യു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെകുറിച്ചും സന്ദേശത്തിൽ പറയുന്നുണ്ട്. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുന്നതും സന്ദേശത്തിൽ കാണാം. അക്രമത്തിന് പിന്നിൽ പുറത്തുനിന്നുള്ള എ.ബി.വി.പി, ബി.ജെ.പി പ്രവർത്തകരാണെന്നാണ് ജെ.എൻ.യു വിദ്യാർത്ഥികളുടെ ആരോപണം. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തിൽ വനിതകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കിയിരുന്നു. ഹോസ്റ്റലുകളിൽ ഇപ്പോഴും ഗുണ്ടകൾ ഉണ്ടെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

ഇന്നലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന് ഗുരുതര പരിക്കേറ്റിരുന്നു.ഇരുപതിലധികം എസ്.എഫ്.ഐ നേതാക്കൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.ഇതിൽ അഞ്ച് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്. സർവകലാശാലയിലെ വിദ്യാർത്ഥികൾ താമസിക്കുന്ന സബർമതി ഹോസ്റ്റൽ, മഹി മാണ്ഡ്വി ഹോസ്റ്റൽ, പെരിയാർ ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് ഇന്നലെ അക്രമം ഉണ്ടായത്.

അതേസമയം ആക്രമണത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ജോയിന്റ് കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും.

എന്നാൽ അക്രമം തുടങ്ങിയത് സമരം ചെയ്യുന്ന വിദ്യാർത്ഥികളെന്നാണ് സർവകലാശാലയുടെ വിശദീകരണം. ക്യാമ്പസിലെ അക്രമം ദൗർഭാഗ്യകരമെന്ന് ജെ.എൻ.യു രജിസ്ട്രാർ പറഞ്ഞു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ വി.സിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ധ്യാപകർ. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കിൽ വൈസ് ചാൻസലർ സ്ഥാനം ഒഴിയണമെന്ന് അദ്ധ്യാപകർ ആവശ്യപ്പെട്ടു. രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പൊലീസ് ഗുണ്ടകളെ സഹായിക്കുകയാണെന്നാണ് അദ്ധ്യാപകരുടെ ആരോപണം.

പൊലീസിനെതിരെ പ്രതിഷേധം

ജെ.എൻ.യു ക്യാമ്പസിലെ മുഖംമൂടി ആക്രമണത്തെത്തുടർന്ന് ഡൽഹി പൊലീസ് പുലർച്ചെ ഫ്ലാഗ് മാർച്ച് നടത്തി. ഫ്ലാഗ് മാർച്ചിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി.പൊലീസ് പുറത്തുപോകണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. അക്രമികളെ അറസ്റ്റ് ചെയ്യുകയാണ് ആദ്യം വേണ്ടതെന്ന് വിദ്യാർത്ഥികൾ ഉച്ചത്തിൽ ആവശ്യപ്പെട്ടു.

ആക്രമണത്തിൽ പ്രതിഷേധിച്ച് അലിഗഡ്, ജാദവ്പൂർ, പൂന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസുകളിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഡൽഹി പൊലീസ് ആസ്ഥാനം ജാമിയ മിലിയ വിദ്യാർത്ഥികൾ ഉപരോധിച്ചു. മുംബയ് ഇന്ത്യാ ഗേറ്റിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.

വി.സിക്കെതിരെ പ്രതിഷേധം 4 പേർ കസ്റ്റഡിയിൽ

വി.സി ഭീരുവിനെ പോലെ പെരുമാറിയെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ജെ.എൻ.യുവിലെ ഫീസ് വർദ്ധനവ് പിൻവലിക്കലിനെതിരെ മാത്രമല്ല, വിസി രാജിവയ്ക്കും വരെ സമരം തുടരുമെന്നാണ് യൂണിയൻ വ്യക്തമാക്കിയിരിക്കുന്നത്. വി.സി രാജിവച്ചില്ലെങ്കിൽ പുറത്താക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. അതേസമയം ജെ.എൻ.യുവിൽ ഇന്നലെയുണ്ടായ ആക്രമണമുവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്.

പ്രതിഷേധിച്ച് നേതാക്കൾ

അക്രമത്തിൽ പരിക്കേറ്റ് എയിംസിൽ ചികിൽസയിൽ കഴിയുന്നവരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സി.പി.എം പി.ബി അംഗം വൃന്ദാ കാരാട്ട് എന്നിവർ സന്ദർശിച്ചു. സർവകലാശാലയിൽ നടന്ന അക്രമസംഭവങ്ങൾ ഞെട്ടിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അക്രമത്തിന് പിന്നിൽ ബി.ജെ.പിയും ആർ.എസ്.എസുമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.

രാജ്യത്ത് ജനാധിപത്യം തകർന്നിരിക്കുന്നുവെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. ജെ.എൻ.യുവിലെ അക്രമസംഭവം ഞെട്ടലുണ്ടാക്കിയെന്നും അക്രമം അവസാനിപ്പിച്ച് ശാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ പൊലീസ് തയാറാകണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു. അതേസമയം അക്രമത്തെ അപലപിച്ച് കേന്ദ്രസർക്കാരും രംഗത്തെത്തി. നിർമല സീതാരാമൻ, രമേഷ് പൊഖ്രിയാൽ, എസ്.ജയ്ശങ്കർ തുടങ്ങിയ കേന്ദ്രമന്ത്രിമാരാണ് അക്രമസംഭവങ്ങളെ അപലപിച്ച് ട്വീറ്റ് ചെയ്തത്.

തിരിച്ചും ആരോപണം

പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും എസ്.എഫ്.ഐക്കാരാണ് തങ്ങളെ മർദിച്ചതെന്നുമാണ് എ.ബി.വി.പി ആരോപണം. ഇരുപത്തിയഞ്ചോളം എ.ബി.വി.പി പ്രവർത്തകർ ആശുപത്രിയിലാണെന്നാണ് അവർ അവകാശപ്പെടുന്നത്. പന്ത്രണ്ടോളം വിദ്യാർത്ഥികളെ കാണാനില്ലെന്നും എ.ബി.വി.പി പറയുന്നു.