കല്ലമ്പലം: നിരാലംബരായ രോഗികൾക്ക് കൈത്താങ്ങായി നാവായിക്കുളം ഇടമൺനില ന്യൂ ഫ്രണ്ട്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. കഴിഞ്ഞ ഡിസംബർ 28 ന് ക്ലബ് സംഘടിപ്പിച്ച വടംവലി മത്സരത്തിലൂടെ കണ്ടെത്തിയ തുകയും പ്രദേശവാസികളിൽ നിന്നും സ്വരൂപിച്ച തുകയും ചേർത്ത് പതിനഞ്ചു രോഗികൾക്കാണ് ചികിത്സാ ധനസഹായം നൽകിയത്. ഒരു പെൺകുട്ടിയുടെ വിവാഹത്തിനുള്ള സഹായവും നൽകി. ധനസഹായ ചടങ്ങിനു മുന്നോടിയായി നടന്ന പൊതു സമ്മേളനം അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നജീം അധ്യക്ഷനായി. ക്ലബ് പ്രസിഡന്റ് നവീൻ ചന്ദ്രൻ നന്ദി പറഞ്ഞു. പള്ളിക്കൽ എസ്.ഐ അനിൽ കുമാർ, മെമ്പർമാരായ കെ. ബിനു, ആസിഫ്, യമുനബിജു, വിവിധ രാഷ്ട്രീയ പ്രവർത്തകരായ ബിജു പൈവേലിക്കോണം, ആലുംമൂട്ടിൽ അലിയാരുകുഞ്ഞ്, സുരേഷ് കപ്പാംവിള, പുലിയൂർ ചന്ദ്രൻ, അബ്‌ദുൾ സലാം, ക്ലബ് മെമ്പർ ലെനിൻ എന്നിവർ പങ്കെടുത്തു.