slab

കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ കിള്ളി - കൂന്താണി - തൂങ്ങാംപാറ റോഡ് തകർന്നു.കാൽനടയാത്ര പോലും ദുസഹമായതോടെ പ്രതിഷേധം ശക്തമായി. തുടർന്ന് കഴിഞ്ഞ നവംബറിൽ മന്ത്രി സുധാകരൻ റോഡിന്റെ നിർമ്മാണോദ്ഘാടനം നടത്തി. എന്നാൽ മാസങ്ങൾ കഴിഞ്ഞ് പുതുവർഷമായിട്ടും റോഡിന്റെ പുനർ നിർമ്മാണത്തിന് ബന്ധപ്പെട്ട പി.ഡബ്ലിയു.ഡി തയ്യാറാകുന്നില്ല. ഈ നിലയിൽ തുടർന്നാൽ നാട്ടുകാർ പ്രതിഷേധ സമരത്തിന് ഇറങ്ങേണ്ടി വരുമെന്ന് പ്രദേശവാസികൾ പറയുന്നു.

ദിവസങ്ങൾക്ക് മുൻപ് കൂന്താണി റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു.റോഡിലെ കുഴിയിൽ വീണയാളെ രക്ഷപ്പെടുത്താനായി വന്നയാൾ പി.ഡബ്ലിയു.ഡി ഓടയിലെ കോൺക്രീറ്റ് സ്ലാബുകൾക്ക് ഇടയിൽ കാല്‍ കുരുങ്ങിക്കിടന്നു. ഏറെ നേരം പണിപ്പെട്ടിട്ടും സ്ലാബുകൾക്കിയിൽപ്പെട്ട കാൽ പുറത്തെടുക്കാനാകാത്തതിനെത്തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിളിച്ചുവരുത്തിയാണ് ആളെ പുറത്തെടുത്തത്.

എന്നാൽ ഫയർഫോഴ്സ് പൊളിച്ച സ്ലാബ് ഇപ്പോൾ അപകടകെണിയായി തീർന്നിരിക്കുകയാണ്. കാൽനടയാത്രാക്കാർ വീണ് പരിക്കേൽക്കുന്നതും നിത്യ സംഭവമായി.

മഴ ചാറിയാൽപ്പോലും കൂന്താണി റോഡിൽ വെള്ളക്കെട്ടാകും. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി പരാതികളാണ് ഇതിനോടകം നൽകിയിട്ടുള്ളത്. ഏറെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് റോഡ് നിർമ്മാണത്തിനായി പണം അനുവദിച്ചത്.എന്നാലിപ്പോൾ വകുപ്പ് മന്ത്രി സ്ഥലത്ത് വന്ന് ഉദ്ഘാടനം നടത്തിയിട്ടുപോലും റോഡിന്റെ പണികൾ ആരംഭിക്കാൻ അധികൃതർ ശമിക്കുന്നില്ല. തുടർച്ചെയുള്ള മഴകാരണം റോഡിലെ പലഭാഗങ്ങളും കുണ്ടുംകുഴിയുമായി.റോഡിലെ കുണ്ടുകുഴികളിലും പെട്ട് യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവായി .

 കിള്ളി കൂന്താണി റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങളായി.ഇപ്പോൾ ഫണ്ട് അനുവദിച്ചിട്ടുപോലും പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ പണി നടത്താക്കാൻ ശ്രമിക്കുന്നില്ല.റോഡിനിരുവശങ്ങളിലും ഓട നിർമ്മിക്കുകയും ആവശ്യത്തിന് കലുങ്ക് നിർമ്മാണവും നടത്ത് വെള്ളം റോഡിൽ കെട്ടാതെ ഒഴുകിപ്പോകാൻ തക്ക വിധത്തിൽ പണി നടത്തിക്കണം. --പ്രദേശ വാസികൾ

 റോഡ് തകർന്നിട്ട് 4 മാസം

ദുരിതം ഈ വിധം

റോഡാകെ പൊട്ടിപ്പൊളിഞ്ഞു

മെറ്റലുകൾ ഇളകിത്തെറിച്ചു

റോഡാകെ കുണ്ടും കുഴിയും

മഴയിൽ വെള്ളക്കെട്ടും

അപകടങ്ങൾ പതിവ്
അധികൃതരുടെ അനാസ്ഥ

ഫോട്ടോ.........തകർന്ന കൂന്താണി റോഡിലെ ഓടയിലെ സ്ലാബ് മറിച്ച നിലയിൽ