രണ്ടുമാസത്തിലധികമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽനിന്ന് ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണ്. മുഖംമൂടി ധരിച്ചെത്തിയ ഒരുകൂട്ടം അക്രമികൾ കഴിഞ്ഞ ദിവസം കാമ്പസിലും ഹോസ്റ്റലുകളിലും അഴിച്ചുവിട്ട അക്രമങ്ങൾ സകലസീമകളും ലംഘിക്കുന്ന തരത്തിലായിരുന്നു. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഉൾപ്പെടെ 35 വിദ്യാർത്ഥികൾക്കും 15 അദ്ധ്യാപകർക്കും ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റെന്നാണ് വാർത്ത. ഇവരിൽ അധികം പേരുടെയും പരിക്ക് ഗുരുതര സ്വഭാവത്തിലുള്ളതാണ്. പരിക്കേറ്റ അദ്ധ്യാപകരുടെ കൂട്ടത്തിൽ സി.പി.എം ആചാര്യനും മുൻ കേരള മുഖ്യമന്ത്രിയുമായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പൗത്രൻ അമീദ് പരമേശ്വരനും ഉൾപ്പെടുന്നു. ഏതാനും മലയാളി വിദ്യാർത്ഥികൾക്കും കൊടിയ മർദ്ദനം ഏൽക്കേണ്ടിവന്നു.
ജെ.എൻ.യു വിൽ സംഘർഷവും ഏറ്റുമുട്ടലും പുതിയ കാര്യമൊന്നുമല്ല. യൂണിയനുകൾ തമ്മിലുള്ള കിടമത്സരം എല്ലാക്കാലത്തും ഇടയ്ക്കിടെ അവിടെ ഏറ്റുമുട്ടലുകളിൽ കലാശിക്കാറുണ്ട്. ഇടതുപക്ഷക്കാർക്ക് അധീശത്വമുള്ള വിദ്യാർത്ഥി യൂണിയനെതിരെ ഭരണപക്ഷക്കാർ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന കൈയേറ്റങ്ങൾ തുറന്ന പോരിലാണ് പലപ്പോഴും അവസാനിക്കുന്നത്. ഇതൊക്കെ കാമ്പസ് രാഷ്ട്രീയത്തിന്റെ ഭാഗമായി കരുതാമെങ്കിലും പുറത്തുനിന്നുള്ള ഗുണ്ടാസംഘം യാതൊരു മറയുമില്ലാതെ കാമ്പസിൽ അതിക്രമിച്ചുകയറി യുദ്ധസമാനമായ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും നിർദ്ദാക്ഷിണ്യം അടിച്ചുതാഴെയിടുന്നതും അത്യപൂർവമായ സംഭവം തന്നെയാണ്. രാജ്യതലസ്ഥാനത്ത് എല്ലാവിധ സുരക്ഷാസംവിധാനങ്ങളും ഉള്ള ഒരു സർവകലാശാല കാമ്പസിലാണ് വാടക ഗുണ്ടകളുടെ ഇൗ തേർവാഴ്ച നടന്നതെന്നത് അങ്ങേയറ്റം ആശങ്കയും ഭീതിയും ജനിപ്പിക്കുന്നതാണ്. സംഭവത്തെ കേന്ദ്രസർക്കാർ അപലപിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ടെങ്കിലും ഇൗ കാടത്തത്തിൽ സർക്കാരിന്റെ ഉത്തരവാദിത്വം അതുകൊണ്ട് ഇല്ലാതാകുന്നില്ല. രണ്ടുമാസത്തിലേറെയായി ജെ.എൻ. യുവിൽ വിദ്യാർത്ഥികൾ സമരത്തിലാണ്. വർദ്ധിപ്പിച്ച ഫീസ് നിരക്കുകൾ കുറയ്ക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുനടത്തുന്ന പ്രക്ഷോഭം ഇതിനിടെ പലവട്ടം അക്രമാസക്തമായി. കാമ്പസിൽ സമാധാനം സ്ഥാപിക്കാൻ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്തു. സുരക്ഷാഭടന്മാർ ഗേറ്റിലും കാമ്പസിലും കാവൽ നിൽക്കെയാണ് മുഖംമൂടിയണിഞ്ഞ അക്രമികൾ കാമ്പസിൽ അതിക്രമിച്ചുകയറി കണ്ണിൽ കണ്ടവരെയെല്ലാം അടിച്ചിട്ടത്. മുഖംമൂടിയിട്ടു വന്ന് ആക്രമണം നടത്തിയാൽ പിടിക്കപ്പെടില്ലെന്ന ധാരണയാകാം അക്രമികൾക്ക്. ഇവരെ തടയാൻ പൊലീസിന് എന്തുകൊണ്ടുകഴിഞ്ഞില്ലെന്ന ചോദ്യം സംഗതമാണ്. സർവകലാശാലാ വി.സി ഇൗ അക്രമങ്ങളിൽ കാഴ്ചക്കാരന്റെ റോളെടുത്തതിലും പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഫീസ് വർദ്ധന പിൻവലിക്കണമെന്ന ആവശ്യത്തിനൊപ്പം വി.സിയുടെ രാജിക്കു വേണ്ടിയും വിദ്യാർത്ഥികൾ മുറവിളി തുടങ്ങിയിട്ടുണ്ട്.
കാമ്പസിലെ ആക്രമണം ആസൂത്രിതമായിരുന്നു എന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്റെ വിവിധ ഘട്ടങ്ങൾ എങ്ങനെയെല്ലാമാകണമെന്നത് സംബന്ധിച്ച വാട്സ് ആപ്പ് സന്ദേശങ്ങളുണ്ടായിരുന്നു എന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കുറ്റവാളികളെ അനായാസം കണ്ടെത്തി പിടികൂടാൻ ഇൗ സന്ദേശങ്ങളുടെ പിന്നാലെ പോയാൽ മതിയാകും. ഡൽഹി പൊലീസിന് അതിന് ധൈര്യമുണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്. കേന്ദ്രസർക്കാരിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ജെ.എൻ.യു വിദ്യാർത്ഥികളെ 'പാഠം പഠിപ്പിക്കാൻ " കേന്ദ്ര ഭരണാധികാരികളിൽ പലർക്കും അത്യധികം താത്പര്യമുണ്ടെന്നുള്ളത് രഹസ്യമൊന്നുമല്ല. ആക്രമണം നടത്തിയ സംഘത്തിൽപ്പെട്ട നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശേഷിക്കുന്നവരെക്കൂടി പിടികൂടിയാലേ പൊലീസ് ഉത്തരവാദിത്വം നിറവേറ്റിയെന്ന് പറയാനാവൂ.
കാമ്പസിൽ അദ്ധ്യാപക സംഘടന പ്രതിഷേധയോഗം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പൊടുന്നനെ നാലുപാടും നിന്ന് ആക്രമണമുണ്ടായത്. അക്രമികൾ കാമ്പസിലെ വനിതാ ഹോസ്റ്റലിലും കയറിയിറങ്ങി വിദ്യാർത്ഥിനികളെ തല്ലിച്ചതച്ചതിൽ നിന്നു തന്നെ കാര്യങ്ങൾ എത്രത്തോളം ആസൂത്രിതമായിരുന്നുവെന്ന് ബോദ്ധ്യമാകും. കാമ്പസിലെ സുരക്ഷാ വീഴ്ച എത്രമാത്രം വലുതായിരുന്നു എന്നതും പ്രകടമാണ്. രാജ്യത്ത് പൊതുവേ നിലനിൽക്കുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷം ഇതുപോലുള്ള ലക്കും ലഗാനുമില്ലാത്ത അക്രമസംഭവങ്ങളിലൂടെ കൂടുതൽ മോശമാകുകയാണ്. കലാപശ്രമമായി കണ്ട് ഡൽഹി പൊലീസ് ജെ.എൻ.യു സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. കുറ്റവാളികളെ ഒന്നടങ്കം പിടികൂടാൻ പൊലീസിന് കഴിയണം. അക്രമം തടയാൻ കഴിയാതിരുന്നതിന്റെ പാപം അങ്ങനെവേണം വീട്ടാൻ.
രണ്ടുമാസത്തിലേറെയായി നടന്നുകൊണ്ടിരിക്കുന്ന ജെ.എൻ.യു സമരത്തിന് ഇതുവരെ പരിഹാരം കാണാൻ ഭരണാധികാരികൾക്ക് കഴിഞ്ഞില്ലെന്നതുതന്നെ വലിയ വീഴ്ചയും നാണക്കേടുമാണ്. വിദ്യാർത്ഥി സംഘടനകളെ വിളിച്ചുകൂട്ടി രമ്യമായി പരിഹരിക്കാവുന്ന പ്രശ്നമാണിത്. ഇപ്പോഴുണ്ടായ അക്രമസംഭവത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥി സംഘടനാനേതാക്കളെ ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ചയ്ക്ക് വിളിച്ചേക്കുമെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. വളരെയധികം വൈകിയാണെങ്കിലും സദ്ബുദ്ധി ഉദിച്ചല്ലോ എന്ന് ആശ്വസിക്കാം. പാരമ്പര്യവും പൈതൃകവും ഏറെ അവകാശപ്പെടാനുള്ള ജെ.എൻ.യുവിൽ സമാധാനവും പഠനാന്തരീക്ഷവും പുനസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം മറ്റാരെക്കാളും ആദ്യം മനസിലാക്കേണ്ടത് കേന്ദ്രം ഭരിക്കുന്നവർ തന്നെയാണ്. സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങൾ മാത്രം വളർത്താനുള്ള വേദിയാകരുത് ജെ.എൻ.യു.