വെഞ്ഞാറമൂട്: സംസ്ഥാന പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ വെഞ്ഞാറമൂട്ടിൽ ഫ്ലൈഓവർ വേണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും നീണ്ട നാളത്തെ ആവശ്യത്തിന് പരിഹാരമാകുന്നു. വെഞ്ഞാറമൂട്ടിലെ ഗതാഗതകുരുക്കിന് പരിഹാരമാകുന്ന ഫ്ലൈഓവർ നിർമ്മാണം ടെൻഡർ നടപടിയിലേക്ക് കടക്കുകയാണ്. കിഫ്ബി അധികൃതർ ഇക്കഴിഞ്ഞ 4 ന് ഫ്ലൈഓവറിന്റെ ടെൻഡർ പബ്ലിഷ് ചെയ്യുകയും ടെൻഡറിൽ ഫെബ്രുവരി 3 ന് വൈകിട്ട് 3 വരെ പങ്കെടുക്കാമെന്ന വിജ്ഞാപനം ഇറക്കുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി 6 നാണ് ടെൻഡർ ഓപ്പൺ ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും, രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ. ഹയർസെക്കൻഡറി സ്കൂളും നെല്ലനാട് പഞ്ചായത്തും ഒക്കെ സ്ഥിതി ചെയ്യുന്ന വെഞ്ഞാറമൂട് ജംഗ്ഷനിൽ എപ്പോഴും ഗതാഗതക്കുരുക്കാണ്. ചില സമയത്ത് വെഞ്ഞാറമൂട് ജംഗ്ഷൻ കടന്നു പോകണമെങ്കിൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മണിക്കൂറുകൾ വേണം. വെഞ്ഞാറമൂട്ടിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായി ഫ്ലൈഒാവർ വേണമെന്ന ആവശ്യമുന്നയിച്ച് കേരളകൗമുദി ഉൾപ്പെടെ റിപ്പോർട്ടും നൽകിയിരുന്നു. തുടർന്ന് ഡി.കെ. മുരളി എം.എൽ.എയുടെ ശുപാർശ പരിഗണിച്ച് ഒന്നരവർഷം മുൻപ് മന്ത്രി ജി. സുധാകരന്റെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും സാദ്ധ്യതാ പഠനം നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. പഠനത്തെ തുടർന്ന് പദ്ധതി പ്രായോഗികമാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 19 ന് ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഫ്ലൈഓവർ നിർമാണം അംഗീകരിക്കുകയും 25.03 കോടി രൂപ അനുവദിക്കുകയും ചെയ്തത്. കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, വാട്ടർ അതോറിട്ടി തുടങ്ങിയവയുടെ സേവനങ്ങൾക്കാവശ്യമായ അണ്ടർ ഗ്രൗണ്ട് സംവിധാനങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. അടുത്തിടെ കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട്ടിലെ പുറമ്പോക്ക് ഭൂമി ഒഴിപ്പിച്ചിരുന്നു. ഫ്ലൈഒാവർ വരുന്നതോടെ വെഞ്ഞാറമൂടിന്റെ മുഖച്ഛായ മാറുന്നതോടൊപ്പം ഗതാഗതകുരുക്കിനും ശാശ്വത പരിഹാരമാകും.