സിഡ്‌നി: കാട്ടുതീയുടെ കെടുതിയിൽപ്പെട്ട് നട്ടംതിരിയുന്ന ആസ്ട്രേലിയക്കാരെ സഹായിക്കാൻ സ്വന്തം നഗ്നചിത്രങ്ങൾ വിറ്റ് പണം സമാഹരിച്ച യുവതിക്ക് സോഷ്യൽമീഡിയുടെ കൈയടി. മോഡലായ കെയ്‌ലൻ വാൻഡ് എന്ന ഇരുപതുകാരിയാണ് ധനസമാഹരണത്തിന് വേറിട്ട വഴി സ്വീകരിച്ചത്. രണ്ടുദിവസത്തിനുള്ളിൽ അഞ്ച് കോടിയിലേറെ രൂപയാണ് കെയ്ലൻ സമാഹരിച്ചത്.
നേരത്തേ തന്നെ സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള കക്ഷിയാണ് കെയ്‌ലൻ. ഇടയ്ക്കിടെ ചൂടൻ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നതും ഇവരുടെ ഒരു ഹോബിയാണ്. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ധനസമാഹരണ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. കുറഞ്ഞത് എണ്ണൂറുരൂപയെങ്കിലും അയക്കുന്ന എല്ലാവർക്കും നഗ്നചിത്രങ്ങൾ അയച്ചുതരുമെന്നായിരുന്നു പ്രഖ്യാപനം. പണം കൈമാറി എന്നതിന് തെളിവും ഹാജരാക്കണം. സംഖ്യയുടെ വലിപ്പം കൂടുന്നതിനനുസരിച്ച് ചിത്രത്തിന്റെ സ്വഭാവത്തിലും മാറ്റമുണ്ടാവും. അതായത് കൂടുതൽ പണം നൽകുന്നവർക്ക് സാധാരണയിൽ നിന്ന് വ്യത്യസ്തമായ ചിത്രങ്ങളായിരിക്കും അയച്ചുകൊടുക്കുക. കെയ്‌ലന്റെ ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെ അക്കൗണ്ടിലേക്ക് പണത്തിന്റെ ഒഴുക്കായിരുന്നു.തുടക്ക ദിവസംതന്നെ ഏഴുലക്ഷത്തോളം രൂപയാണത്രേ കിട്ടിയത്.
അതേസമയം, കെയ്‌ലൻ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപണവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു എന്നാണ് കെയ്‌ലൻ പറഞ്ഞത്. പണം താൻ നേരിട്ടല്ല വാങ്ങിയതെന്നും സന്നദ്ധ സംഘടനകളിലേക്കാണ് എല്ലാവരും പണം നൽകിയതെന്നുമാണ് അവർ പറഞ്ഞത്. ആർക്കുവേണമെങ്കിലും പരിശോധിക്കാം എന്നുകൂടി പറഞ്ഞതോടെ വിവാദം തൽക്കാലം അടങ്ങിയ മട്ടാണ്.
അതിനിടെ, ധനസമാഹരണം ശ്രദ്ധയിൽപ്പെട്ടതോടെ കെയ്‌ലന്റെ അക്കൗണ്ട് ഇൻസ്റ്റഗ്രാം നീക്കംചെയ്തു. മോശം ചിത്രങ്ങൾ ഇട്ടു എന്നായിരുന്നു കാരണം പറഞ്ഞത്. ഇതിനുപിന്നാലെ കെയ്‌ലൻ പുതിയ അക്കൗണ്ട് തുടങ്ങിയെങ്കിലും അതിനും ആയുസുണ്ടായിരുന്നില്ല. അതേസമയം , കെയ്‌ലന്റെ ട്വീറ്റുകൾ സോഷ്യൽമീഡിയയിൽ വൈറലാവുകായിരുന്നു. ഒപ്പം കെയ്ലനെ ഇന്റർനെറ്റിൽ തിരയുന്നവരുടെ എണ്ണവും കൂടിവരികയാണ്.