വർക്കല: എങ്ങുമെത്താത്ത ഹരിഹരപുരം കായലോര ടൂറിസം പദ്ധതി അധികൃതരുടെ അനാസ്ഥമൂലം സർക്കാർ ഫയലുകളിൽ കുരുങ്ങിക്കിടക്കുന്നു. കുന്നുകളും തെങ്ങിൻതോപ്പുകളും തോടുകളും നീരുറവകളും വിശാലമായ കായലും ഉൾപ്പെടുന്ന കാഴ്ചയുടെ സമൃദ്ധിയാണ് ഹരിഹരപുരത്തെ ശ്രദ്ധേയമാക്കുന്നത്. എന്നാൽ അധികൃതരുടെ അവഗണന കാരണം ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ കായലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇടവ - നടയറ കായലിന്റെ ഭാഗമായ ഹരിഹരപുരം കായൽ പ്രകൃതിരമണീയമാണ്.
ഹരിഹരപുരത്തിന്റെ പ്രത്യേകതകൾ അറിഞ്ഞ് വിദേശികളും സ്വദേശികളുമായ നിരവധിപ്പേർ ഇവിടെയെത്തുന്നുണ്ട്. മൂന്ന് വർഷം മുൻപ് കേരള ടൂർഫെഡും ഹരിഹരപുരം ടൂറിസം വികസന സമിതിയും ഒത്തൊരുമിച്ച് ടൂറിസം വികസന പ്രവർത്തനവുമായി മുന്നോട്ട് പോയി. ഇതിനിടെ മാസ്റ്റർ പ്ലാനും ടൂർഫെഡ് തയ്യാറാക്കി. പലതവണ ടൂർഫെഡിന്റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പഠനങ്ങൾ നടത്തുകയും ചെയ്തു. ഹരിഹരപുരം സംഘം തൊടിയോട് ചേർന്ന് കിടക്കുന്ന ഇരുപതര സെന്റ് സർക്കാർ ഭൂമി ടൂർ ഫെഡിന് പാട്ടത്തിന് നൽകാനും ചില ധാരണകൾ ഉണ്ടായതല്ലാതെ മറ്റ് നടപടിയൊന്നും ഉണ്ടായില്ല.
ഉദ്യോഗസ്ഥസംഘം ഇവിടം സന്ദർശിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ടൂറിസം പദ്ധതികൾക്ക് വേണ്ട ചർച്ചകൾ നടത്തുകയും ചെയ്‌തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. കായലോര ടൂറിസം യാഥാർത്ഥ്യമാക്കിയാൽ ഈ പ്രദേശത്തിന്റെ മുഖഛായ തന്നെ മാറുമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ അഭിപ്രായം.