വക്കം: നിലയ്ക്കാമുക്ക് ഗവ. യു.പി.എസിലെ ശുചീകരണ പ്രവർത്തനങ്ങളോട് വക്കം ഗ്രാമപഞ്ചായത്ത് അവഗണന കാട്ടുന്നതായി പരാതി. കാടു കയറി കിടക്കുന്ന സ്കൂൾ ഗ്രൗണ്ടിൽ പാമ്പുകളടക്കമുള്ള ഇഴജന്തുക്കൾ താവളമാക്കിയതും സമീപത്തെ ബിവറേജസ് ഔട്ട്ലെറ്റിലെത്തുന്നവർ ഒഴിഞ്ഞ മദ്യക്കുപ്പികൾ ഗ്രൗണ്ടിലേക്ക് വലിച്ചെറിയുന്നതും ചൂണ്ടിക്കാട്ടി പി.ടി.എയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന് നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സ്കൂളുകളിൽ തൊഴിലുറപ്പ് സംഘങ്ങളെക്കൊണ്ട് ശുചീകരണം നടത്തണമെന്ന നിർദ്ദേശം നിലവിലിരിക്കെയാണ് അവഗണന. ഇനിയും അവഗണന തുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.