jds

തിരുവനന്തപുരം: ജനതാദൾ-എസിലേക്ക് ലോക് താന്ത്രിക് ജനതാദൾ ലയിച്ച് ഒറ്റപ്പാർട്ടിയാകുന്നത് വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുമ്പാക്കാനുള്ള അണിയറനീക്കങ്ങൾ ശക്തമായി. ലയനസാദ്ധ്യത ചർച്ച ചെയ്യാൻ ഈ മാസം 13ന് ജെ.ഡി.എസ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം തിരുവനന്തപുരത്ത് ചേരും.

ലോക്‌താന്ത്രിക് ജനതാദൾ സംസ്ഥാന അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ കോട്ടയ്ക്കലിൽ ചികിത്സയിലുണ്ടായിരുന്ന ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയെ കണ്ടതോടെയാണ് ലയനനീക്കങ്ങൾക്ക് ആക്കം കൂടിയതെങ്കിലും എൽ.ജെ.ഡിക്കകത്ത് ഒരു വിഭാഗം ദേശീയതലത്തിൽ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിൽ ലയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുനിൽക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ദേശീയനേതൃത്വത്തിൽ ശരദ് യാദവ് അടക്കമുള്ളവർ ആർ.ജെ.ഡിയിൽ ചേരണമെന്ന നിലപാടുകാരാണ്. ഈ മാസം പത്തിന് എൽ.ജെ.ഡി ദേശീയ എക്സിക്യൂട്ടീവ് യോഗം ചേരുന്ന സാഹചര്യത്തിൽ അതിന് ശേഷം പരസ്യമായി തീരുമാനമറിയിക്കാമെന്നാണ് സംസ്ഥാനനേതൃത്വം വ്യക്തമാക്കുന്നത്. ഈ യോഗത്തിൽ ആർ.ജെ.ഡിയോട് ലയിക്കാൻ ദേശീയതലത്തിൽ തീരുമാനമെടുത്താൽ സംസ്ഥാനനേതൃത്വം എന്ത് നിലപാടെടുക്കുമെന്നതും ചോദ്യചിഹ്നമായിട്ടുണ്ട്. ഈ യോഗത്തിലേക്ക് ജെ.ഡി.എസ് നേതൃത്വവും അതിനാൽ ഉറ്റുനോക്കുകയാണ്. ജെ.ഡി.എസിൽ ലയിച്ചുവന്നാൽ എട്ട് ജില്ലകളിൽ അദ്ധ്യക്ഷസ്ഥാനം വിട്ടുകിട്ടണമെന്ന ആവശ്യവും എൽ.ജെ.ഡി ഉയർത്തുന്നുണ്ട്.

ലയനവുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്കായി ഇരു പാർട്ടികളും സംസ്ഥാനതലത്തിൽ സബ്കമ്മിറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന അദ്ധ്യക്ഷൻ സി.കെ. നാണു, മന്ത്രി കെ. കൃഷ്ണൻകുട്ടി, മാത്യു.ടി.തോമസ് എം.എൽ.എ,

എ. നീലലോഹിദാസൻ നാടാർ എന്നിവർ ജെ.ഡി.എസ് ഉപസമിതിയിലും എം.വി. ശ്രേയാംസ് കുമാർ, ഡോ.വറുഗീസ് ജോർജ്, ഷേക് പി. ഹാരിസ്, ശങ്കരൻ മാസ്റ്റർ എന്നിവർ എൽ.ജെ.ഡി ഉപസമിതിയിലും അംഗങ്ങളാണ്. സ്ഥാനമാനങ്ങളുടെ വീതംവയ്പ് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് ധാരണയിലെത്തേണ്ടത് ഈ ഉപസമിതികൾ തമ്മിലാണ്.