thomas-isaac

തിരുവനന്തപുരം: ധനമന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിക്കുന്ന ബഡ്ജറ്രിൽ മൂലധന ചെലവിൽ കാര്യമായ വർദ്ധനയുണ്ടാവില്ല. കിഫ്ബി വഴി കാര്യമായ പശ്ചാത്തല വികസന പദ്ധതികൾ പ്രഖ്യാപിച്ചതിനാലാണ് ഇത്. കാര്യമായ കുതിച്ചുചാട്ടം ഉണ്ടാവില്ലെങ്കിലും മൂലധന ചെലവുകൾ കുറയ്ക്കില്ലെന്ന് അദ്ദേഹം കേരള കൗമുദിയോട് പറഞ്ഞു. വിഴിഞ്ഞം ഐ.ബിയിൽ ബഡ്ജറ്ര് തയ്യാറെടുപ്പിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ 10 ശതമാനം വർദ്ധന മാത്രമുണ്ടായപ്പോൾ റവന്യൂ ചെലവിൽ 15ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായത്. വരവ് -ചെലവിൽ ഉണ്ടായ ഈ അന്തരമാണ് കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനത്തിന്റെ പ്രധാന ഘടകമായ ലോട്ടറിയിലുണ്ടായ പ്രതിസന്ധിമൂലം 400 കോടി രൂപയുടെയെങ്കിലും കുറവുണ്ടാവുമെന്നാണ് കരുതുന്നത്. നികുതി ഏകീകരിച്ചതുമൂലം അന്യ സംസ്ഥാന ലോട്ടറികൾ സ്വാധീനം വിപുലപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ലോട്ടറി ചട്ടങ്ങൾ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജി.എസ്. ടി കൗൺസിലിൽ നിന്നും ഇക്കാര്യത്തിൽ സംസ്ഥാനത്തിനനുകൂലമായ ഉറപ്പ് ലഭിച്ചിട്ടുണ്ട്.

പദ്ധതി വിഹിതത്തിൽ 30 ശതമാനമെങ്കിലും കുറവ് വരുത്താനാണ് ഇത്തവണ ആലോചിക്കുന്നത്. കേന്ദ്രം അവരുടെ വകുപ്പുകളോട് 40 ശതമാനം പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ പറഞ്ഞിട്ടുണ്ട്. അതേസമയം ക്ഷേമ പെൻഷൻ, സബ്സിഡി തുടങ്ങിയ കാര്യങ്ങളിലൊന്നും സർക്കാർ ഇടപെടില്ല. ചെലവ് കുറയ്ക്കുന്നതോടൊപ്പം വരുമാനം കൂട്ടാനും ശ്രമം നടത്തും. ഇതിനായുള്ള ഉദ്യോഗസ്ഥ തല കമ്മിറ്റിയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ല. ശമ്പള ഏകീകരണത്തിനൊന്നും ആലോചനയില്ല. എന്നാൽ നികുതി പിരിവ് കാര്യക്ഷമാക്കാൻ കർശനമായ നടപടികളെടുക്കും. അവസാന വർഷമെന്ന നിലയ്ക്ക് ഇതിനായി പ്രത്യേകം പദ്ധതി തയ്യാറാക്കും. ഈ വർഷമെങ്കിലും നികുതി വളർച്ചാ നിരക്ക് 30 ശതമാനത്തിലെത്തിക്കാൻ കഠിന പ്രയത്നം നടത്തും. നടപ്പുവർഷവും ഇതേ ലക്ഷ്യമായിരുന്നു വച്ചത്. മാന്ദ്യവും പ്രളയവുമൊക്കെ അതിന് തടസമായി. കേരളത്തിൽ നികുതി വളർച്ച 17 ശതമാനമാണ്. അതോടൊപ്പം ഭൂമിയുടെ ന്യായ വില ഉയർത്തുക, ചില ഫീസുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും.