jan06d

ആ​റ്റിങ്ങൽ: ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന യുവാവിനെ അക്രമിസംഘം വെട്ടിപ്പരിക്കേല്പിച്ചു. കൂലിപ്പണിക്കാരനായ കോരാണി കുറക്കട കൈലാത്തുകോണം വിളയിൽവീട്ടിൽ ലാലുവിനാണ് (29) പരിക്കേ​റ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലും തുടർന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ കൈലാത്തുകോണം മാടൻനടയ്ക്ക് സമീപമാണ് സംഭവം. ഭാര്യാസഹോദരനും കൂന്തള്ളൂർ ഗവ.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയുമായ മിഥുനും ലാലുവും ക്ഷേത്രത്തിന് സമീപത്തേക്ക് ചെല്ലുമ്പോൾ വെട്ടുകത്തിയും വടിവാളുമായെത്തിയ ഒമ്പതംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ലാലു പറയുന്നു. പ്രദേശത്തെ കഞ്ചാവ് വില്പനയെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസിന് മിഥുൻ മൊഴികൊടുത്തതുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്നാണ് സൂചന. മംഗലപുരം പൊലീസ് കേസെടുത്തു.