കല്ലമ്പലം: മാല പിടിച്ചുപറി കേസിലെ പ്രതിയെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ട വാള ബിജുവിന്റെ കൂട്ടാളിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ രണ്ടാം പ്രതിയുമായ മുള്ളറംകോട് പാണർ കോളനി പുതുവൽവിള വീട്ടിൽ നടരാജന്റെ മകൻ ശിവൻ എന്ന ശ്രീശുഭ ( 22) നെയാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ബേബിയുടെ നിർദ്ദേശപ്രകാരം കല്ലമ്പലം ഇൻസ്‌പെക്ടർ ഫറോസ്, സബ് ഇൻസ്‌പെക്ടർ നിജാം എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയുടെ പേരിൽ അയിരൂർ പൊലീസ് സ്റ്റേഷനിൽ ബൈക്കിൽ കറങ്ങി മാല പിടിച്ചുപറിച്ച കേസുണ്ട്. ഈ കേസിൽ വാള ബിജുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.