station-march

പാറശാല: ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ പേരിൽ ഇഞ്ചിവിള സ്വദേശി സെന്തിൽ റോയി എന്ന യുവാവിനെ ഓട്ടോയിൽ കയറ്റിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച ശേഷം ദേഹത്ത് ആട്ടോ കയറ്റി കൊല്ലാൻ ശ്രമിച്ച കേസിൽ സി.പി.എം പ്രവർത്തകരായ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാറശാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. മർദ്ദനത്തിന് മുന്നോടിയായി പ്രതികൾ ചേർന്ന് സെന്തിൽ റോയിയെ ആട്ടോയിൽ കയറ്റിക്കൊണ്ട് പോയ കാരാളിയിൽ നിന്നും ആരംഭിച്ച മാർച്ച് സ്റ്റേഷന് മുന്നിൽവച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്‌ഘാടനം ചെയ്തു. മുൻ എം.എൽ.എ മാരായ എ.ടി.ജോർജ്, ആർ. സെൽവരാജ്, കെ.പി.സി.സി സെക്രട്ടറി ആർ.വൽസലൻ, ഡി.സി.സി ഭാരവാഹികളായ അഡ്വ.മഞ്ചവിളാകം ജയൻ, കൊറ്റാമം വിനോദ്, പാറശാല സുധാകരൻ, നിർമ്മലകുമാരി, മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ. മോഹൻദാസ്, മണ്ഡലം പ്രസിഡന്റ്മാരായ പവതിയാൻവിള സുരേന്ദ്രൻ, പെരുവിള രവി, കൊല്ലയിൽ ആനന്ദൻ, അരവിന്ദകുമാർ, അമ്പലത്തറയിൽ ഗോപകുമാർ, അഡ്വ. രാജരാജസിംഗ്, ഡി.സി.സി അംഗങ്ങളായ അഡ്വ.ജോൺ,ടി.കെ.വിശ്വംഭരൻ,എ.സി രാജ്, വണ്ടിത്തടം പത്രോസ് തുടങ്ങിയവർ സംസാരിച്ചു. സ്ത്രീകൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ മാർച്ചിൽ പങ്കെടുത്തു. പാറശാല ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കൊല്ലിയോട് സത്യനേശൻ മാർച്ചിന് നേതൃത്വം നൽകി.