സ്വാതന്ത്ര്യ സമരപഥത്തിലെ തീപ്പന്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ണന്തല കരുണാകരൻ
ഒരു കാലഘട്ടത്തിൽ ജ്വലിച്ച നക്ഷത്രമായിരുന്നു. 1956 മുതൽ ചാക്ക വാർഡിൽ നിന്നും തുടർച്ചയായി അഞ്ചുതവണ നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിയായി. ഇരുപത്തിയഞ്ചു വർഷം തിരുവനന്തപുരം നഗരസഭയിൽ അംഗമായിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ കാണിച്ച അതേ ഉൗർജം പിന്നീടുള്ള കർമ്മരംഗങ്ങളിലും പ്രകടിപ്പിച്ചു. സിറ്റി ഇംപ്രൂവ്മെന്റ് ട്രസ്റ്റ് (ഹൗസിംഗ് ബോർഡിന്റെ ആദ്യ രൂപം), ട്രിവാൻഡ്രം റബർ വർക്സ്, ട്രിവാൻഡ്രം ഫ്ളൈയിംഗ് ക്ളബ് എന്നിവിടങ്ങളിലെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. തിരുവനന്തപുരത്ത് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടവരിൽ കരുണാകരൻ മുൻപന്തിയിലുണ്ട്. കേരളത്തിൽ ആദ്യമായി കാഷ്വൽ തൊഴിലാളികൾക്ക് ബോണസ് വാങ്ങിക്കൊടുക്കുന്നത് കരുണാകരൻ നയിച്ച യൂണിയനാണ്. (ട്രിവാൻഡ്രം ലേബർ യൂണിയൻ, ഇതാണ് രജിസ്റ്റർ ചെയ്ത ആദ്യത്തെ തൊഴിലാളി സംഘടന). ചെത്തു തൊഴിലാളി യൂണിയൻ, പച്ചത്തൊണ്ട് വ്യവസായ തൊഴിലാളി യൂണിയൻ, ട്രിവാൻഡ്രം റബർ വർക്സ് യൂണിയൻ, ട്രിവാൻഡ്രം ഫ്ളയിംഗ് ക്ളബ് എംപ്ളോയീസ് യൂണിയൻ ഇതെല്ലാം അന്ന് കരുണാകരൻ ഉൗട്ടി വളർത്തിയ തൊഴിലാളി സംഘടനകളാണ്. കൗൺസിലർ അല്ലാതായപ്പോഴും മണ്ണന്തല കരുണാകരൻ എന്നല്ല കൗൺസിലർ കരുണാകരൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
1915 ഫെബ്രുവരി 26-ാം തീയതി തിരുവനന്തപുരത്തെ മണ്ണന്തലയിൽ ജനിച്ച കരുണാകരൻ കുട്ടിക്കാലം മുതലേ സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായിരുന്നു. പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ മഹാത്മാഗാന്ധിക്ക് ഹാരാർപ്പണം നടത്തിയ ചരിത്രമുണ്ട്. സ്കൂൾ കാലഘട്ടം മുതലേ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാനും സംഘടിപ്പിക്കാനും താത്പര്യം കാണിച്ചിരുന്നു. 1933ൽ മോത്തിലാൽ നെഹ്റുവിന്റെ ചരമവാർത്തയറിഞ്ഞ് ക്ളാസ് ബഹിഷ്കരിച്ച് മൗനജാഥ സംഘടിപ്പിച്ചു. 1935ലെ റെയിൽവേ പണിമുടക്കിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് അന്ന് പഠിച്ചുകൊണ്ടിരുന്ന വഞ്ചിയൂരിലെ എസ്.എം.വി. സ്കൂളിൽ നിന്നുതന്നെ പുറത്തു പോകേണ്ടിവന്നു. തുടർന്ന് അന്നത്തെ അഞ്ചൽ ഡിപ്പാർട്ടുമെന്റിൽ വാളണ്ടിയർ ക്ളാർക്ക് ആയി തിരുവനന്തപുരം പാലോട് പച്ച അഞ്ചലാഫീസ്, പൂവാർ അഞ്ചലാഫീസ്, അമ്പലത്തറ (പൂന്തുറ) അഞ്ചലാഫീസ് എന്നിവിടങ്ങളിൽ ജോലി നോക്കി. സ്വാതന്ത്ര്യ സമരത്തോടും ദേശീയ നേതാക്കളോടും ഉള്ള ആഭിമുഖ്യവും ബഹുമാനവും രാഷ്ട്രീയ പ്രവർത്തകനാകാൻ തന്നെ കരുണാകരനെ പ്രേരിപ്പിച്ചു. അഞ്ചൽ ഡിപ്പാർട്ടുമെന്റിലെ ജോലി രാജിവച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.
1940ൽ ഇരുപത്തിനാലാമത്തെ വയസിലാണ് കരുണാകരൻ തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. പി.ടി. പുന്നൂസ് കയ്യൊപ്പിട്ട പാർട്ടി കാർഡ് കരുണാകരൻ ഹൃദയം പോലെ സംരക്ഷിച്ചു പോന്നിരുന്നു. കെ.സി. ജോർജാണ് അന്ന് അംഗത്വം നൽകിയത്. കരുണാകരന് അന്ന് പാർട്ടി നൽകിയ ചുമതല "സ്റ്റേറ്റ് കോൺഗ്രസ്" പ്രവർത്തനമാണ്.
നേതാക്കന്മാരുടെ നിർദ്ദേശം പ്രാവർത്തികമാക്കാൻ ഒരേയൊരാൾ മാത്രമേ അന്ന് നാട്ടിലുണ്ടായിരുന്നുള്ളൂ. - മണ്ണന്തല കരുണാകരൻ എന്ന അസാമാന്യ ധൈര്യശാലി. തിരുവിതാംകൂർ കമ്മ്യൂണിസ്റ്റുകാരനായ മണ്ണന്തലയ്ക്ക് അന്ന് പാർട്ടി നൽകിയ ജോലി സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തനമായിരുന്നു. ഇതുകൊണ്ടാണ് പല ധീരകൃത്യങ്ങളും ചെയ്യാൻ സാധിച്ചതും. അതിലൊന്നാണ് 1938ലെ വട്ടിയൂർക്കാവ് സമ്മേളനം. സമ്മേളനദിവസം സായുധ പൊലീസും പട്ടാളവും മൈതാനം വളഞ്ഞിരുന്നതിനാൽ ജനത്തിന് യോഗസ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, യോഗത്തിനു വേണ്ടി കെട്ടിയിരുന്ന ഷെഡുകളും പന്തലുകളുമെല്ലാം പൊലീസ് പൊളിച്ചു കളഞ്ഞിരുന്നു. പക്ഷേ, ദേശീയപതാക ഉയർത്തുന്നതിനായി കുഴിച്ചു നിറുത്തിയിരുന്ന ഒരു അടയ്ക്കാമരം വളരെ താഴ്ത്തി കുഴിച്ചിട്ടിരുന്നതു കാരണം പിഴുതുകളയാൻ അവർക്കായില്ല. ഈ സമയത്ത് ഒരു വശത്ത് ഒരു ചലനം പ്രത്യക്ഷപ്പെട്ടു. നിറതോക്കുമായി നില്ക്കുന്ന പട്ടാളത്തെയും പൊലീസിനെയും അമ്പരപ്പിച്ചുകൊണ്ട് ഒരു സംഘം വോളണ്ടിയർമാർ, മണ്ണന്തല കരുണാകരന്റെ നേതൃത്വത്തിൽ ഇരച്ചുകയറി വന്നു. ഞൊടിയിടയിൽ മണ്ണന്തല കരുണാകരൻ അടയ്ക്കാമരത്തിൽ കയറി ഏറ്റവും മുകളിൽ ദേശീയപതാക ഉയർത്തി. വിജനമായിരുന്ന യോഗസ്ഥലം ഒരു മനുഷ്യ മഹാസമുദ്രമായി. ഇങ്ങനെ എത്രയോ ധീരസംഭവങ്ങൾ.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒളിവിലുണ്ടായിരുന്ന നേതാക്കന്മാരിൽ പലരെയും കരുണാകരനാണ് ഒളിവിൽ താമസിപ്പിച്ചിരുന്നത്. ഇക്കൂട്ടത്തിൽ പി.ടി. പുന്നൂസ്, പി. കൃഷ്ണപിള്ള, ഇ.എം.എസ് , ഇ.കെ. നായനാർ, കെ.പി. പത്രോസ് മുതലായവർ ഉൾപ്പെടുന്നു. ഒളിവിലായാലും തെളിവിലായാലും മണ്ണന്തല കരുണാകരൻ ഒരു പരിപാടി ഏറ്റെടുത്താൽ, അല്ലെങ്കിൽ മണ്ണന്തല കരുണാകരനെ ഏല്പിച്ചാൽ അതു വിജയിച്ചിരിക്കും എന്നായിരുന്നു അക്കാലത്തെ ചൊല്ല്.
( ലേഖകൻ തിരുവനന്തപുരം നഗരസഭാ
മേയറാണ് )