തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭാഷയിലാണെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു. മഞ്ചക്കണ്ടി മാവോയിസ്റ്ര് വേട്ടയ്ക്ക് ഉത്തരവാദികളായ പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കണം. പൊലീസ് രാജ് നടപ്പാക്കി ഈ സർക്കാരിന് മുന്നോട്ടു പോകാനാവില്ല.മനുഷ്യാവകാശ സമിതി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റുകളെ വെടി വച്ച് വീഴ്ത്തിയ സംഭവത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി വായിച്ചത് പൊലീസ് എഴുതിക്കൊടുത്ത വിവരങ്ങളാണ്. ലക്നൗവിൽ 16 പേരെ വെടി വച്ചു കൊന്നപ്പോൾ മുഖ്യമന്ത്രി ആദിത്യനാഥും കർണാടകയിൽ പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്ത രണ്ടു പേരെ വെടി വച്ചുകൊന്നപ്പോൾ മുഖ്യമന്ത്രി യെദിയൂരപ്പയും നടത്തിയത് ഇതിന് സമാനമായ അഭിപ്രായപ്രകടനങ്ങളാണ്. ഇക്കാര്യത്തിൽ ഇടതുപക്ഷ നിലപാട് നഷ്ടപ്പെടാതെ മറുപടി പറയാനുള്ള ബാദ്ധ്യത കേരളത്തിന്റെ മുഖ്യമന്ത്രിക്കുണ്ട്.
പി.ജെ. മാനുവൽ, സജ്ജാദ്, ഡോ.പി.ജി ഹരി, തുഷാർ നിർമ്മൽ സാരഥി, കെ.കെ.മണി, എസ്.രവി, ശ്രീകാന്ത്, സി.പി നഹാസ്, ആർ.അജയൻ, വിളയോടി ശിവൻകുട്ടി തുടങ്ങിയവരും സംസാരിച്ചു.