നെടുമങ്ങാട്: ആർഭാട ജീവിതത്തിന് പണം കണ്ടെത്താൻ വഴിയാത്രക്കാരായ സ്ത്രീകളെ മർദ്ദിച്ച് ആഭരണവും പണവും തട്ടിയെടുക്കുന്ന രണ്ടംഗസംഘത്തിലെ യുവാവ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായി. പെരിങ്ങമ്മല ജവഹർകോളനി ബ്ലോക്ക് നമ്പർ -15ൽ അൻസിലാണ് (19) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പനവൂർ സ്വദേശിയും കെ.എസ്.ആർ.ടി.സി കണ്ടക്ടറുമായ സിനി ഡ്യൂട്ടി കഴിഞ്ഞ് വൈകിട്ട് ആറരയോടെ സ്കൂട്ടറിൽ വീട്ടിലേക്ക് പോകവെ, ചുള്ളിമാനൂർ കൊച്ചാട്ടുകാൽ ജംഗ്ഷന് സമീപം പൾസർ ബൈക്കിലെത്തി വഴി ചോദിക്കാനെന്ന വ്യാജേന ദേഹോപദ്രവം ഏല്പിക്കുകയും കഴുത്തിൽ കിടന്ന മൂന്നുപവൻ മാല പിടിച്ചുപറിക്കുകയുമായിരുന്നു. അക്രമിസംഘം അന്ന് രാത്രി ഒമ്പതരയോടെ പുത്തൻപാലം ജംഗ്ഷനു സമീപം കാൽനട യാത്രക്കാരിയായ കല്ലിയോട് സ്വദേശി സബിതയെ ഓടയിലേയ്ക്ക് ചവിട്ടിയിട്ട ശേഷം 5000 രൂപയും പാസ്‌പോർട്ടും മൊബൈൽ ഫോണുമടങ്ങിയ ബാഗ് പിടിച്ചുപറിക്കുകയും ചെയ്‌തിരുന്നു. കേസിൽ ഒരു പ്രതി ഒളിവിലാണെന്നും ആർഭാടജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ഇരുവരും പണം ഉപയോഗിക്കുന്നതെന്നും പൊലീസ് പറഞ്ഞു. നെടുമങ്ങാട് സി.ഐ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽഗോപി, ശ്രീകുമാർ, പൊലീസുകാരായ ബിജു, സനൽരാജ്, നെവിൽരാജ്, അനൂപ്,വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.