abhaya

തിരുവനന്തപുരം: രണ്ടു തവണ സമൻസ് ലഭിച്ചിട്ടും സാക്ഷി ഹാജരാകാത്തതിനെ തുടർന്ന് സിസ്റ്റർ അഭയ കൊലക്കേസിന്റെ വിചാരണ പ്രത്യേക സി.ബി.എെ കോടതിയിൽ മുടങ്ങി. ഇടമലയാർ സെഷൻസ് ജഡ്ജി ശരത് ചന്ദ്രനാണ് കോടതിയിൽ ഹാജരാകാത്തത്. ശരത്ചന്ദ്രൻ എറണാകുളം മജിസ്ട്രേറ്റ് ആയിരുന്നപ്പോൾ കേസിലെ രണ്ട് പ്രധാന സാക്ഷികളുടെ രഹസ്യ മൊഴി എടുത്തിരുന്നു. സിസ്റ്റർ അഭയ താമസിച്ചിരുന്ന കോട്ടയം പയസ് ടെൻത് കോൺവെന്റിന്റെ അയൽവാസിയായിരുന്ന സഞ്ജു പി.മാത്യു, കോൺവെന്റിലെ വാച്ചർ ആയിരുന്ന ചെല്ലമ്മ ദാസ് എന്നിവരുടെ മൊഴിയാണ് എടുത്തിരുന്നത്. വിചാരണവേളയിൽ സഞ്ജു പി.മാത്യു മൊഴിമാറ്രി പ്രതികൾക്ക് അനുകൂലമായി മൊഴി നൽകുകയും ചെല്ലമ്മ ദാസ് മരണമടയുകയും ചെയ്തിരുന്നു.

സി.ബി.എെ കേസിന്റെ ഏക പിൻബലം ഈ രണ്ട് സാക്ഷി മൊഴികളുമാണ്. ഒരു സാക്ഷി കൂറ് മാറുകയും മറ്റൊരാൾ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്രിനെ വിസ്തരിച്ച് മൊഴിയുടെ ആധികാരികത ഉറപ്പുവരുത്താനേ സി.ബി.എെക്ക് കഴിയൂ. ഇക്കാരണത്താലാണ് സി.ബി.എെ ശരത്ചന്ദ്രനെ കേസിലെ സാക്ഷി ആക്കിയത്.

കേസിലെ ഒന്നാം പ്രതി ഫാദർ തോമസ്. എം.കോട്ടൂർ പല ദിവസങ്ങളിലും കോൺവെന്റിൽ രാത്രി കാലങ്ങളിൽ വരാറുണ്ടെന്നും ഫാദറിന്റെ സ്കൂട്ടർ ഇടവഴിയിൽ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടിട്ടുണ്ടെന്നുമാണ് സഞ്ജു.പി.മാത്യി സി.ബി.എെക്കും മജിസ്ട്രേറ്രിനും നൽകിയ മൊഴി. മാത്രമല്ല സംഭവ ദിവസം രാത്രി ഫാദർ തോമസ് എം.കോട്ടൂരിന്റെ സ്കൂട്ടർ കോൺവെന്റിന് സമീപം കണ്ടിരുന്നതായും സഞ്ജു മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴികളെല്ലാം സഞ്ജു വിചാരണയ്ക്കിടെ മാറ്രി പറഞ്ഞിരുന്നു.

ഫാദർ കോട്ടൂർ നിരന്തരം കോൺവെന്റിൽ വരുമായിരുന്നെന്ന് കോൺവെന്റ് വാച്ചർ ചെല്ലമ്മ ദാസും മൊഴി നൽകിയിരുന്നു. എന്നാൽ വിചാരണയ്ക്ക് മുൻപേ ചെല്ലമ്മ ദാസ് മരണമടഞ്ഞു. ചെല്ലമ്മ ദാസിന്റെ രഹസ്യ മൊഴിയിൽ നിർണായകമായ പല വിവരങ്ങളുമുണ്ടായിരുന്നെന്നാണ് പ്രോസിക്യൂഷൻ വാദം.