തിരുവനന്തപുരം : റിയൽ എസ്റ്റേറ്റ് മേഖലയിലെ നിയലംഘനങ്ങൾ തടയാൻ സർക്കാർ രൂപീകരിച്ച സമിതി ചട്ടപ്രകാരമുള്ളതല്ലെന്ന് തുടക്കത്തിൽ തന്നെ ആക്ഷേപം ഉയരുന്നു.
റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടിയിൽ (റെറ)ചെയർമാന് പുറമെ രണ്ട് അംഗങ്ങൾ വേണമെന്നാണ് 2016ലെ കേന്ദ്ര റിയൽ എസ്റ്റേറ്റ് റഗുലേറ്ററി ആക്ട് സെക്‌ഷൻ 21ൽ പറയുന്നത്. എന്നാൽ പുതുവർഷ ദിനത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത അതോറിട്ടിയിൽ ചെയർമാനെ കൂടാതെ ഒരംഗം മാത്രമാണുള്ളത്. അതോറിട്ടി നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതോറിട്ടിയുടെ തന്നെ നിയമസാധുത ചോദ്യം ചെയ്ത് ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് കോടതിയെ സമീപിക്കാൻ ഇത് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മരട് ഫ്ളാറ്റ് പൊളിക്കൽ പ്രശ്നങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സർക്കാർ തിടുക്കത്തിൽ 2016ലെ കേന്ദ്ര നിർദ്ദേശങ്ങൾ നടപ്പാക്കാൻ അതോറിട്ടി രൂപീകരിച്ചത്.
മുൻ അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ ചെയർമാനായ അതോറിട്ടിയിൽ കോഴിക്കോട് സ്വദേശിയായ പ്രീത പി.മേനോനാണ് ഒരു അംഗം. സെലക്‌ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത മറ്റൊരംഗം മാത്യു ഫ്രാൻസിസ് ചുമതലയേൽക്കാൻ കഴിയില്ലെന്ന് സർക്കാരിനെ അറിയിച്ചു. പകരം പുതിയൊരംഗത്തെ കണ്ടെത്താൻ കാത്തുനിൽക്കാതെ അതോറിട്ടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. സെലക്‌ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത രണ്ട് അംഗങ്ങളും ചുമതലയേറ്റ ശേഷം ഒരാൾ രാജി വച്ചാലും സമിതി നിലനിൽക്കുമായിരുന്നു. അംഗത്തിന്റെ ഒഴിവ് വന്നാൽ ആക്ട് പ്രകാരം സർക്കാർ അത് നികത്തിയാൽ മതി.
പിൻമാറിയത്
യോഗ്യനല്ലെന്ന്
ചൂണ്ടിക്കാട്ടി
സെലക്‌ഷൻ കമ്മിറ്റി സർക്കാരിന് നൽകിയ നാലു പേരുടെ പട്ടികയിൽ നാലാമനായിരുന്നു പി.ഡബ്ല്യു.ഡി ചീഫ് എൻജിനിയറായ മാത്യു ഫ്രാൻസിസ്. അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്‌തായിരുന്നു നിയമനം. ആക്ടിലെ സെക്‌ഷൻ 22 പ്രകാരം സെക്രട്ടറി റാങ്കിൽ സർവീസിൽ നിന്ന് വിമരമിച്ചയാളാവണം. പി.ഡബ്ല്യു.ഡി ചീഫ് എൻജിനിയറുടെ പദവി സെക്രട്ടറി റാങ്കിന് തുല്യമല്ലെന്ന് മാത്യു ഫ്രാൻസിസ് തന്നെ സർക്കാരിനെ അറിയിക്കുകയായിരുന്നു.
സർക്കാർ സെലക്‌ഷൻ കമ്മിറ്റി റിയൽ എസ്റ്റേറ്റ് അതോറിട്ടി അംഗങ്ങളെ തിരഞ്ഞടുത്തതിലെ പാളിച്ച ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി ജോഷ് സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
'അതോറിട്ടിയിൽ ഒരംഗത്തെക്കൂടി നിയമിക്കേണ്ടത് സർക്കാരാണ്.
നടപടികൾ പുരോഗമിക്കുന്നതായാണ് വിവരം.'
-പി.എച്ച്.കുര്യൻ
ചെയർമാൻ, റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി