vld-2

വെള്ളറട: മീതി മലനിര സംരക്ഷണ സമിതിയുടെ സമരപന്തൽ ഞായറാഴ്ച രാത്രിയോടെ തീയിട്ട് നശിപ്പിച്ചു കഴിഞ്ഞ ഒരുവർഷത്തിലേറെയായി മീതിയിൽ ഖനനത്തിനെതിരെ നാട്ടുകാർ പന്തൽകെട്ടി സമരം നടത്തിവരികയായിരുന്നു. ഖനന മാഫിയയാണ് പന്തൽ തീയിട്ട് നശിപ്പിച്ചതെന്ന് സമര സമിതി പ്രവർത്തകർ പറഞ്ഞു. ഞായറാഴ്ച രാത്രിതന്നെ സംഭവമറിഞ്ഞ് സമര സമിതി പ്രവർത്തകർ തടിച്ചുകൂടി. വെള്ളറട പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് എസ്. ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി കേസെടുത്തു. മീതി മലനിര ഖനന നീക്കത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം വെള്ളറട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11ാം തീയതി ശനിയാഴ്ച വൈകിട്ട് മൂന്നു മണിമുതൽ കിളിയൂർ ജംഗ്ഷനിൽ സാംസ്കാരിക പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്.