തിരുവനന്തപുരം: ലോക്ബന്ധു രാജ് നാരായൺജി ഫൗണ്ടേഷന്റെ പ്രവാസി മാദ്ധ്യമ പുരസ്‌കാരങ്ങൾ മാദ്ധ്യമരംഗത്തെ 15 പേർക്കും പ്രവാസി രംഗത്തെ മൂന്ന് പേർക്കും സമ്മാനിക്കും. പത്രപ്രവർത്തന രംഗത്തെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരത്തിന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എം.എം.സുബൈറും, സിനിമാ പ്രസിദ്ധീകരണങ്ങളിലെ റിപ്പോർട്ടിംഗ് മികവിനുള്ള പുരസ്‌കാരത്തിന് കേരളകൗമുദി ഫ്ളാഷ് മൂവീസിലെ സീനിയർ റിപ്പോർട്ടർ എസ്.അനിൽകുമാറും അർഹരായി. ദേശീയ പ്രവാസി ദിനമായ ജനുവരി ഒമ്പതിന് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എം.എൽ.എമാരായ സി.ദിവാകരൻ, ഒ.രാജഗാപാൽ എന്നിവർ പുരസ്‌കാര സമർപ്പണം നടത്തും.
ആൾ ഇന്ത്യാ ഹ്യൂമൻ റൈറ്റ്സ് ആൻഡ് സിറ്റിസൺ പ്രസിഡന്റ് മനോജ്കുമാർ ചെയർമാനും, ചന്ദ്രാലയം രാജേന്ദ്രൻ, ഡി.അജിത്കുമാർ, സെയ്ത് പേഴുമൂട്, സജീതാ വാസുദേവൻ, ഒ.എ ഷാഹുൽ ഹമീദ് എന്നിവർ അംഗങ്ങളും പൂവച്ചൽ സുധീർ സെക്രട്ടറിയുമായ ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫും ചീഫ് കോ-ഓർഡിനേറ്റർ പൂവച്ചൽ സുധീറും വാർത്താസമ്മേളനത്തിൽ അറിയിച്ചു.