വെള്ളറട: 19കാരിയെ കാമുകൻ വീട്ടിൽ കയറി വെട്ടിക്കൊന്ന വാർത്ത കേട്ട ഞെട്ടലിലാണ് കാരക്കോണം വാസികൾ. മെഡിക്കൽ കോളേജിനു സമീപമാണ് 24കാരനായ അനു 19 കാരിയായ അഷികയെ വീട്ടിൽക്കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്‌തത്. തുറ്റിയോട് അപ്പുവിലാസം വീട്ടിൽ അജിത് കുമാർ - സീമ ദമ്പതികളുടെ മകളാണ് അഷിക. പെയിന്റിംഗ് തൊഴിലാളിയായ അച്ഛൻ അജിത് കുമാറും, മാതാവ് കാരക്കോണം മെഡിക്കൽ കോളേജ് സി.എസ്.ഐ സെൻട്രൽ സ്‌കൂളിലെ ആയയുമായ സീമയും പത്താം ക്ളാസ് വിദ്യാർത്ഥിയായ അഭിഷേകും സ്‌കൂളിൽ പോയ ശേഷമാണ് അനു ഇവിടെ എത്തിയത്. ഗുജറാത്തിൽ നിന്നു നാട്ടിലെത്തിയ അഷികയുടെ മുത്തച്ഛനും മുത്തശ്ശിയും ഇവിടെയുണ്ടായിരുന്നു. മുത്തശ്ശി വീടിനുമുകളിൽ തുണി വിരിക്കുകയായിരുന്നു. ഇതിനിടെയാണ് യുവാവ് വീട്ടിനുള്ളിൽ തള്ളിക്കയറി വരുന്നത് മുത്തച്ഛന്റെ ശ്രദ്ധയിൽപ്പെട്ടത്. മുത്തച്ഛനെ തള്ളിമാറ്റിയ ശേഷം അനു അഷികയുടെ റൂമിലേക്ക് കയറി കതക് പൂട്ടുകയായിരുന്നു. പിന്നീട് എന്നെ കൊല്ലുന്നെന്ന നിലവിളി മാത്രമാണ് കേട്ടതെന്ന് മുത്തച്ഛൻ പറഞ്ഞു. തടിയും മറ്റും ഉപയോഗിച്ച് വാതിൽ തുറക്കുമ്പോഴാണ് ഇരുവരും രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. നാടിനെ നടുക്കിയ അരുംകൊല രാവിലെ 10ഓടെയാണ് നാട്ടുകാർ അറിയുന്നത്. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഷികയെ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. കാരക്കോണം ജംഗ്ഷനു സമീപം വിളവൻകോട് താലൂക്കിൽ ചെറുകുന്തൽകാല രാമവർമൻചിറ മണി - രമണി ദമ്പതികളുടെ മകനാണ് അനു. ആദ്യം കാരക്കോണം മെഡിക്കൽ കോളേജിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ഇവരുടെ പ്രണയം അഷികയുടെ വീട്ടുകാർ അറിഞ്ഞിരുന്നു. മകളെ അനു ശല്യം ചെയ്യുന്നതായി വെള്ളറട പൊലീസിൽ ഒരു വർഷം മുമ്പ് അജിത്ത് പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് അനുവിനെ അന്ന് പൊലീസ് താക്കീത് ചെയ്‌ത് വിട്ടയച്ചിരുന്നു. അതിനുശേഷം ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നെന്നാണ് അഷികയുടെ വീട്ടുകാർ പറയുന്നത്. കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇവർക്കും അറിയില്ല.