നെടുമങ്ങാട് : കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ ബസ് സർവീസ് മുടക്കം പതിവായതായി പരാതി. അടിക്കടിയുള്ള സർവീസ് റദ്ദാക്കലിന് പുറമെ ഏതാനും മാസത്തിനിടെ നിരവധി ഷെഡ്യൂളാണ് ഡിപ്പോയിൽ നിറുത്തലാക്കിയത്.രാവിലെ 7നുള്ള ചുള്ളിമാനൂർ, പനവൂർ,പേരയം സർവീസ്, 10.20 നുള്ള പൂവക്കാട് സർവീസ്, ഉച്ചയ്ക്ക് 2.20 നുള്ള ചുള്ളിമാനൂർ,പനവൂർ,പാണയം സർവീസ് എന്നിവ നിറുത്തലാക്കിയ ബസുകളിൽ പ്രധാനപ്പെട്ടവയാണ്. രാവിലെ 8.10 നുള്ള ചുള്ളിമാനൂർ,പനവൂർ പേരയം സർവീസും അടിക്കടി മുടങ്ങുകയാണ്.സ്കൂൾ വിദ്യാർത്ഥികളും വിവിധ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവരും ദുരിതത്തിലാണ്. പാണയം,പേരയം,പൂവക്കാട്,ആറ്റിൻപുറം തുടങ്ങിയ ഉൾപ്രദേശങ്ങളിലെ യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി ബസുകളെയാണ് ആശ്രയിക്കുന്നത്.സർവീസുകൾ പുനരാരംഭിച്ചില്ലെങ്കിൽ ഡിപ്പോ ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നല്കി.