തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിന്റെ പ്രാമാണികരായ ആഴ്വാഞ്ചേരി തമ്പ്രാക്കളും മറ്റ് മലയാള മഠങ്ങളിലെ വൈദികരും ഇന്ന് ക്ഷേത്രത്തിൽ എത്തും. അവസാന മുറയിൽ പങ്കാളികളാകാനാണ് ആഴ്വാഞ്ചേരി തമ്പ്രാക്കൾ എത്തുന്നത്. മുറജപത്തിന്റെ അവസാനമുറ നാളെയാണ് ആരംഭിക്കുന്നത്. എട്ടു ദിവസത്തെ മുറജപത്തിനും തുടർന്നുള്ള ലക്ഷദീപത്തിനും ആഴ്വാഞ്ചേരി തമ്പ്രാക്കൾ ആചാരപ്രകാരമുള്ള അനുമതി നൽകും. ആഴ്വാഞ്ചേരി തമ്പ്രാക്കൾ, ചെറുമുക്ക്, കൈമുക്ക്, പെരുമ്പടപ്പ്, തൈക്കാട്, കപ്ലിങ്ങാട്, പന്തൽ എന്നീ വൈദികർ, തൃശൂർ വാദ്ധ്യാനും സംഘവും, തിരുനാവായ വാദ്ധ്യാനും സംഘവും, തെക്കേടത്തു ഭട്ടതിരി, അകവൂർ നമ്പൂതിരി എന്നിവരും വൈദിക പരിഷത്തുമായി ബന്ധപ്പെട്ടവരും ഉൾപ്പെടെ നാൽപ്പതോളം പേരാണ് സംഘത്തിലുള്ളത്. ഇവരെ ഇന്ന് വൈകിട്ട് ജലജപത്തിന് ശേഷം പദ്മതീർത്ഥക്കരയിൽ നിന്നും ക്ഷേത്രം അധികൃതർ സ്വീകരിച്ചാനയിക്കും. നാളെ ആരംഭിക്കുന്ന ഏഴാം മുറയ്ക്ക് ഇവർ പ്രമാണക്കാരാകും.