ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20
ഇന്ന് ഇൻഡോറിൽ
ഞായറാഴ്ച രാത്രിയിലെ
ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു
ടി.വി ലൈവ് രാത്രി 7 മണിമുതൽ
സ്റ്റാർ സ്പോർട്സിൽ
ഇൻഡോർ : മൂന്ന് മത്സരപരമ്പരയിലെ ആദ്യ ട്വന്റി 20 മഴയെടുത്തതിനാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതുവർഷത്തെ ആദ്യമത്സരത്തിന് ഇന്ന് ഇൻഡോർ വേദിയാകും. മഴയിൽ കുതിർന്ന ഗോഹട്ടിയിൽ നിന്ന് ഇന്നലെ ഇരുടീമുകളും ഇൻഡോറിലെത്തി.
ഒരു പന്തുപോലും എറിയാൻ കഴിയുംമുമ്പാണ് ഗോഹട്ടിയിലെ മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. ഇനി രണ്ട് മത്സരങ്ങൾ മാത്രമേ പരമ്പരയിൽ ശേഷിക്കുന്നുള്ളൂ എന്നതിനാൽ രണ്ട് മത്സരങ്ങളും വിജയിച്ചാൽ മാത്രമേ കിരീടം സ്വന്തമാക്കാനാകൂ. ഇൗ പരമ്പരയിൽ ഉപനായകൻ രോഹിത് ശർമ്മയ്ക്കും പേസർ മുഹമ്മദ് ഷമിക്കും ഇന്ത്യ വിശ്രമം നൽകിയിരിക്കുകയാണ്. പരിക്കിൽനിന്ന് മോചിതരായി ശിഖർ ധവാനും ജസ്‌പ്രീത് ബുംറയും തിരിച്ചെത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണിനെ റിസർവ് ഒാപ്പണറായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലിും ഗോഹട്ടിയിൽ ടോസ് സമയത്ത് പ്ളേയിംഗ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന് ഇടമില്ലായിരുന്നു. ഇൗ പരമ്പരയിലും സഞ്ജുവിനെ കളിപ്പിച്ചേക്കില്ല എന്നാണ് സൂചനകൾ.
ട്വന്റി 20 ലോകകപ്പ് മുൻനിറുത്തി ടീമിനെയൊരുക്കുന്നതിലാണ് കോച്ച് രവിശാസ്ത്രിക്കും നായകൻ വിരാട് കൊഹ്‌ലിക്കും താത്പര്യം. ലോകകപ്പിന് മുമ്പ് ശിഖർ ധവാന് ഫോം വീണ്ടെടുക്കാൻ പരമാവധി അവസരം നൽകാനാണ് തീരുമാനം. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെത്തന്നെയാണ് നിയോഗിക്കുക.
5
ഇന്ത്യയ്ക്കെതിരായ കഴിഞ്ഞ അഞ്ച് ട്വന്റി 20 മത്സരങ്ങളിലും തോറ്റ ടീമാണ് ശ്രീലങ്ക. വെറ്ററൻ പേസർ ലസിത് മലിംഗയാണ് ലങ്കയെ നയിക്കുന്നത്.