ഗോഹട്ടി : ഇന്ത്യയും ശ്രീലങ്കയും തമ്മിൽ കഴിഞ്ഞരാത്രി ഗോഹട്ടിയിലെ ബരസ്‌പാര സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മൂന്ന് മത്സര പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരം ഉപേക്ഷിക്കേണ്ടിവന്നതിന് കാരണം കനത്ത മഴ മാത്രമല്ല, പിച്ചും ഗ്രൗണ്ടും കവർ ചെയ്യുന്നതിലെ ഗ്രൗണ്ട് സ്റ്റാഫിന്റെ പാകപ്പിഴകളുമാണ്. ഒരു പക്ഷേ കാര്യവട്ടം പോലൊരു സ്റ്റേഡിയത്തിലായിരുന്നുവെങ്കിൽ മഴ മാറി 20 മിനിട്ടിനകം തുടങ്ങാൻ കഴിയുമായിരുന്ന മത്സരമാണ് ഗോഹട്ടിയിൽ ഒറ്റപ്പന്തുപോലും എറിയാൻ കഴിയാതെ ഉപേക്ഷിച്ചത്. കളി കാണാനായി ടിക്കറ്റെടുത്തെത്തിയ 40000 ത്തിലധികം പേർ മഴ നനഞ്ഞ് കാത്തിരുന്നിട്ടും നിരാശപ്പെട്ട് മടങ്ങേണ്ടിവന്നത് ബി.സി.സി.ഐയെയും ചൊടിപ്പിച്ചിട്ടുണ്ട്. ബരസ്‌പരയിൽ സംഭവിച്ച കാര്യങ്ങളെപ്പറ്റി വിശദ റിപ്പോർട്ട് തേടിയിരിക്കുകയാണ് ബി.സി.സി.ഐ.

ഗോഹട്ടിയിലെ മഴ

1. വെള്ളിയാഴ്ച താരങ്ങൾ എത്തുമ്പോൾ തന്നെ നഗരത്തിൽ മഴയുണ്ടായിരുന്നു. മത്സരദിവസം രാവിലെ മഴ പെയ്തിരുന്നുവെങ്കിലും പിന്നീട് ആകാശം തെളിച്ചു.

2. വൈകുന്നേരം ആറരയ്ക്ക് ടോസ് നടന്ന ശേഷമാണ് വീണ്ടും മഴ പെയ്തത്. ശക്തമായ മഴയ്ക്കുശേഷം ചാറ്റൽ നീണ്ടുനിന്നത് മത്സരം വൈകിപ്പിച്ചു.

3. മഴയുടെ സൂചന കണ്ടയുടനെ ഗ്രൗണ്ട് സ്റ്റാഫ് പിച്ചും റണ്ണപ്പ് ഏരിയയും ടാർപോളിൻ കൊണ്ട് കവർചെയ്തിരുന്നു.

4. പക്ഷേ കവറിൽ ലീക്ക് ഉണ്ടായിരുന്നതിനാൽ പിച്ചിന്റെ മദ്ധ്യഭാഗം നനഞ്ഞുകുതിർന്നു. മഴ കഴിഞ്ഞ് കവർ മാറ്റുമ്പോഴാണ് ഇത് കാണുന്നത്.

5. ഗ്രൗണ്ട് സ്റ്റാഫ് പിച്ച് മൂടിയതിലെ പിഴവാണ് ലീക്കിന് കാരണമെന്ന് ടി.വി കമന്റേറ്റർ സഞ്ജയ് മഞ്ച്‌രേക്കർ കുറ്റപ്പെടുത്തിയിരുന്നു.

6. പിച്ചിന്റെ മദ്ധ്യഭാഗത്തെ നനവുണക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പത്തുമണി കഴിഞ്ഞിട്ടും സാധിച്ചില്ല. 9.46 ആയിരുന്നു അഞ്ചോവർ മത്സരമെങ്കിലും നടത്താനുള്ള ഡെഡ് ലൈൻ.

7. നനവ് മാറ്റാൻ കൈയിൽ കിട്ടിയതെല്ലാം ഉപയോഗിക്കുകയായിരുന്നു ഗ്രൗണ്ട് സ്റ്റാഫ്. സൂപ്പർ സോപ്പറുകൾ പോരാഞ്ഞിട്ട് മുടിയുണക്കുന്ന ഹെയർ ഡ്രയർ വരെ ഉപയോഗിച്ചു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് പരിഹാസത്തിനും ഇടയാക്കി.

പരിശോധിക്കും മുന്നേ

താരങ്ങൾ പോയി

അമ്പയർമാരുടെ അവസാന ഗ്രൗണ്ട് പരിശോധന നടന്നത് രാത്രി 9.30നാണ്. എന്നാൽ ഇൗ പരിശോധന പരിഹാസ്യമായിരുന്നുവെന്ന് അസം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ദേവജിത് സൈകിയ പറയുന്നു. കാരണം ഇരുടീമിലെയും മിക്കവാറും താരങ്ങൾ ഒൻപത് മണിക്കേ സ്റ്റേഡിയം വിട്ടിരുന്നു.