തിരുവനന്തപുരം: ഗതാഗതക്കുരുക്കിൽ സഹികെട്ട മന്ത്രി ഒടുവിൽ കുരുക്കഴിക്കാൻ നേരിട്ടിറങ്ങി. ഇന്നലെ രാവിലെ 10ഓടെ ഇടപ്പഴിഞ്ഞി ജംഗ്ഷനിലാണ് സംഭവം. കുന്നത്തുകാലിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയി മടങ്ങിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനം ഗതാഗതക്കുരുക്കിലായതോടെയാണ് മന്ത്രി ട്രാഫിക് നിയന്ത്രണത്തിന്റെ ചുക്കാൻ പിടിച്ചത്. നാലുറോഡുകൾ ചേരുന്ന ജംഗ്ഷനിലായിരുന്നു കുരുക്ക്. ഒരു ഭാഗത്തേക്കും വാഹനങ്ങൾ പോകാൻ കഴിയാത്ത സ്ഥിതിയായി. ഗതാഗതം നിയന്ത്രിക്കാൻ ഒരു പൊലീസുകാരൻ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. മന്ത്രിക്ക് മുമ്പ് ഇതുവഴിവന്ന നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റ്യുവർട്ട് കീലറും ഗതാഗതം നിയന്ത്രിക്കാനിറങ്ങി. മന്ത്രിക്കൊപ്പം നാട്ടുകാരും ആട്ടോ ഡ്രൈവർമാരും സഹായത്തിനെത്തി. വിവരമറിഞ്ഞ് കൂടുതൽ ട്രാഫിക് പൊലീസുകാരെത്തിയ ശേഷമാണ് കുരുക്ക് മാറ്റിയത്. ഇടപ്പഴിഞ്ഞി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പൊലീസുകാരുടെ ആവശ്യമുണ്ടെന്നും ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.