ദിവ്യയ്ക്കും ഗോഡ്‌വിനും

റിലേ ടീമിനും സ്വർണം

മൂഡബിദ്രി : രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസിന്റെ ആഭിമുഖ്യത്തിൽ നടന്ന 80-ാമത് ഇന്റർ യൂണിവേഴ്സിറ്റി അത്‌ലറ്റിക്സിന്റെ സമാപന ദിവസം വനിതകളുടെ 4 x 400 മീറ്റർ റിലേയിൽ കലിക്കറ്റ് യൂണിവേഴ്സിറ്റി സ്വർണവും എം.ജി. യൂണിവേഴ്സിറ്റി വെള്ളിയും നേടി. വനിതകളുടെ പോൾവാട്ടിൽ എം.ജി യൂണിവേഴ്സിറ്റിയുടെ ദിവ്യമോഹൻ സ്വർണം നേടിയപ്പോൾ പുരുഷ പോൾവാട്ടിൽ കലിക്കറ്റിന്റെ ഗോഡ് വിൻഡാമിയർ പൊന്നണിഞ്ഞു.

ഇന്റർനാഷണൽ താരം ജിസ്‌ന മാത്യു, ഉഷ സ്കൂളിൽ നിന്നെത്തിയ അബിദ മേരി മാനുവൽ, അർച്ചന എം.പി, അർഷിത എസ്. എന്നിവരടങ്ങിയ കലിക്കറ്റിന്റെ ടീമാണ് മൂന്ന് മിനിട്ട് 40.01 സെക്കൻഡിൽ ഒാടിയെത്തി 4 x 400 മീറ്റർ റിലേയിൽ സ്വർണം നേടിയത്.

എമിലി കെ.ടി, കെ. സ്നേഹ, അലീഷ പി.ആർ, അനില വേണു എന്നിവരടങ്ങിയ എം.ജി യൂണിേഴ്സിറ്റി ടീം മൂന്ന് മിനിട്ട് 42.81 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെള്ളി നേടിയത്.

പുരുഷൻമാരുടെ 4 x 400 മീറ്റർ റിലേയിൽ ടിജിൻ, അമൽ ജോസഫ്, അനന്ദുവിജയൻ, അനിരുദ്ധ് സി.ആർ. എന്നിവരടങ്ങിയ ടീമിന് വെള്ളി ലഭിച്ചു.

4.70 മീറ്റർ ചാടിയാണ് കലിക്കറ്റിന്റെ ഗോഡ്‌വിൻ ഡാമിയൻ പുരുഷ പോൾവാട്ടിൽ ഒന്നാമതെത്തിയത്.

3.70 മീറ്റർ ക്ളിയർ ചെയ്തതാണ് എം.ജിയുടെ ദിവ്യാമോഹൻ വനിതകളുടെ പോൾവാട്ടിൽ ഒന്നാംസ്ഥാനക്കാരിയായത്.

വനിതകളുടെ ട്രിപ്പിൾ ജമ്പിൽ എം.ജിയുടെ സാന്ദ്രാബാബു 13.28 മീറ്റർ ചാടി വെള്ളി സ്വന്തമാക്കി. ഒരു സെന്റീമീറ്ററിനാണ് സാന്ദ്രയ്ക്ക് സ്വർണം നഷ്ടമായത്.

പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ എം.ജിയുടെ തന്നെ അരുൺ എ.ബി. 16. 12 മീറ്റർ ചാടി വെള്ളി സ്വന്തമാക്കി.

വനിതകളുടെ 200 മീറ്ററിൽ കലിക്കറ്റിന്റെ ശ്രുതിരാജ് യു.പി വെങ്കലം നേടി.

വനിതകളുടെ 1500 മീറ്ററിൽ കലിക്കറ്റിന്റെ തന്നെ സി. ബബിത വെങ്കലം നേടി.

എം.ജി. യൂണിവേഴ്സിറ്റി വനിതാവിഭാഗം റണ്ണർഅപ്പ് ഒാവറാൾ ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനവും എം.ജിക്ക് ലഭിച്ചു.